ഭൂകമ്പം: തുർക്കിയിലും സിറിയയിലുമായി മരണം 1300; രക്ഷാപ്രവർത്തനം തുടരുന്നു

“ഇസ്തംബുള്‍∙ തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1300 ആയി ഉയർന്നു. തുർക്കിയിൽ മാത്രം 912 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ നാനൂറിലധികം പേർ മരിച്ചതായാണ് വിവരം. 386 പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്.”

