KSDLIVENEWS

Real news for everyone

മെഡിക്കല്‍ കോളേജില്‍ യുവാവിന് സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനമേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

SHARE THIS ON

തിരുവനന്തപുരം :മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു . പാങ്ങോട് സ്വദേശിയായ അഫ്സലിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒ പി ബ്ളോക്കില്‍ വെച്ച്‌ മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണ വിധേയമായി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് മനുഷ്യാകാശ കമ്മീഷന്റെ ഇടപെടലുണ്ടാകുന്നത്. വിഷയത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്റെ ഉത്തരവ്. അതേസമയം കഴിഞ്ഞ ശനിയാഴ്ച ഒ പി ബ്ളോക്കിലെ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നില്‍ വെച്ചായിരുന്നു യുവാവിനെ സുരക്ഷാ ജീവനക്കാര്‍ കസേരയില്‍ പിടിച്ചിരുത്തി മര്‍ദ്ദിച്ചത്. ഒ പി സമയം കഴിഞ്ഞതിന് ശേഷവും ബ്ളോക്കില്‍ ഇരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. പ്രകോപിതനായ യുവാവ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതായാണ് സുരക്ഷാ വിഭാഗത്തിന്റെ വിശദീകരണം. മര്‍ദ്ദനവിവരം വാര്‍ത്തയായെങ്കിലും പരാതി നല്‍കാന്‍ യുവാവ് തയ്യാറായിരുന്നില്ല. അതിനാല്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!