KSDLIVENEWS

Real news for everyone

നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം: പൈലിങ് ഇന്ന് തുടങ്ങും

SHARE THIS ON

നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ അവശേഷിക്കുന്ന തൂണുകൾ നിർമിക്കാനുള്ള ഒരുക്കം
നീലേശ്വരം: നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലത്തിനായി റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്ത് നാല്‌ തൂണുകൾ സ്ഥാപിക്കാനുള്ള അനുമതിയായി. റെയിൽവേ ചെന്നൈ ഡിവിഷനിൽ നിന്ന്‌ കഴിഞ്ഞദിവസമാണ്‌ ഇതുസംബന്ധിച്ച അനുമതി ലഭിച്ചത്.
മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മേൽപ്പാലത്തിന്റെ പണിക്ക് തടസ്സമായിരുന്ന അവസാനത്തെ കടമ്പയും കടന്നത്. അവശേഷിക്കുന്ന നാല് തൂണുകൾക്ക് ആറുവീതം പൈലിങ്ങാണ്‌ നടത്തേണ്ടത്. ചൊവ്വാഴ്ച റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൈലിങ് പ്രവൃത്തികൾ ആരംഭിക്കും. അതിനായുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയായെന്നും റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൈലിങ് നടത്തുകയെന്നും സൈറ്റ് മാനേജർ പറഞ്ഞു.

മേൽപ്പാലത്തിന്റെ ആകെ എട്ട്‌ തൂണുകളിൽ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള നാലെണ്ണം നേരത്തേതന്നെ നിർമാണ ചുമതലയുള്ള എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി പൂർത്തീകരിച്ചിരുന്നു. നിലവിൽ 70 ശതമാനത്തോളം പൂർത്തിയായ പാലം പണി റെയിൽവേയുടെ അനാസ്ഥകൊണ്ടാണ് നീണ്ടുപോയത്. വേഗത്തിലും എളുപ്പത്തിലും പൂർത്തീകരിക്കാനിരുന്ന (ഇ.പി.സി. മാതൃകയിൽ) പണി ഇനി കരാറുകാരുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. പാലം പണി നടക്കുമ്പോൾ വാഹനങ്ങൾ കടന്നുപോകാനുള്ള രണ്ട് താത്കാലിക റോഡിന്റെയും നാല് കൾവർട്ടിന്റെയും പണി ഇതിനോടകം പൂർത്തീകരിച്ചു. മേൽപ്പാലം, അനുബന്ധ റോഡ് നിർമാണം, സൂപ്പർവിഷൻ ചാർജ് തുടങ്ങിയവയ്ക്കായി 64.44 കോടി രൂപയാണ് ചെലവ്. പാലം പണി പൂർത്തീകരിക്കുന്നതിൽ ഇത്രയും കാലം നേരിട്ട തടസ്സങ്ങൾ നീങ്ങിയെന്നത് സന്തോഷമുള്ള കാര്യമാണ്. 780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും നാലുവരിയായാണ് പാലം നിർമിക്കുന്നു എന്നതും ഭാവിയിൽ ആറുവരിയാക്കാൻ പറ്റുന്നതാണെന്നും അറിഞ്ഞു. പണി പൂർത്തിയായാൽ തീർച്ചയായും ജില്ലയ്ക്ക് അഭിമാനം തന്നെയാകും ഈ പാലം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!