വാഹനം വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം: യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം എടവണ്ണക്കാട് വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സനോജിന്റെ സുഹൃത്ത് അനിലിനെ (52) ഞാറയ്ക്കല്‍ സി.ഐ. രാജന് കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സനോജും സുഹൃത്തായ അനിലും തമ്മില്‍ വാഹനം വാങ്ങിയതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനില്‍ സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അനില്‍ തന്നെ സനോജിനെ എടവനക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എടവനക്കാട്, ഞാറക്കല്‍ മേഖലകളില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇതിന്റെ നടുക്കം മാറും മുന്‍പേയാണ് ഒരു കൊലപാതകം കൂടി ഉണ്ടായിരിക്കുന്നത്.

