മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വഴിയടച്ച് സുരക്ഷ,മത്സരിച്ച് ജില്ലാ പോലീസ് മേധാവിമാർ; വഴിമുട്ടി ജനം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ പോലീസ് നിരത്തൊഴിപ്പിച്ച് സുരക്ഷയൊരുക്കുന്നത് ജനത്തെ വലയ്ക്കുന്നു. ഏറെക്കാലമായി തലസ്ഥാനവാസികൾക്ക് പരിചിതമായ ഈ ക്രമീകരണം മറ്റുജില്ലകളിലേക്കും വ്യാപിച്ചതോടെയാണ് വിമർശനം ശക്തമായത്. ഇസഡ് പ്ലസ് സുരക്ഷയാണ് പോലീസ് മുഖ്യമന്ത്രിക്ക് നൽകുന്നത്. ഇതിന്റെ ഭാഗമായ വാഹനവ്യൂഹം പലമടങ്ങ് ഇരട്ടിക്കുന്നതാണ് ജനത്തെ വലയ്ക്കുന്നത്. സുരക്ഷയുടെ പേരിലുള്ള പോലീസിന്റെ കാർക്കശ്യംകൂടിയാകുമ്പോൾ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുവരുന്ന വഴി അടിയന്തരാവസ്ഥക്കാലത്തെ നിയന്ത്രണങ്ങൾക്ക് തുല്യമാകും. മുന്നിൽ രണ്ട് പൈലറ്റും പിന്നിൽ രണ്ട് എസ്കോർട്ട് വാഹനങ്ങളും വാനും മറ്റൊരു കാറുമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടാകേണ്ടത്. മിക്കപ്പോഴും ഇതിന്റെ ഇരട്ടി പോലീസ് വാഹനങ്ങൾ ഒപ്പമുണ്ടാകും. മുഖ്യമന്ത്രിവരുന്ന വേദിയുടെ സുരക്ഷാചുമതല എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനാണ്. അസി. കമ്മിഷണർമാരും സി.ഐ.മാരും എസ്.ഐ.മാരും അകമ്പടിക്കെത്തും. 40-50 പേരുണ്ടാകേണ്ട സുരക്ഷാസംഘം മിക്കപ്പോഴും 100 കടക്കും. മത്സരിച്ച് ജില്ലാ പോലീസ് മേധാവിമാർ ആരാകും മുഖ്യമന്ത്രിക്ക് കടുത്തസുരക്ഷയൊരുക്കുക എന്നതിൽ ജില്ലാ പോലീസ് മേധാവിമാർ തമ്മിൽ മത്സരമാണ്. മുഖ്യമന്ത്രി വരുന്നതിന് മൂന്നോനാലോ മണിക്കൂർമുമ്പേ സുരക്ഷാക്രമീകരണങ്ങളാരംഭിക്കും. വാഹനവ്യൂഹം കടന്നുപോകുന്ന ഭാഗത്തെ മുഴുവൻ സ്റ്റേഷൻ ഓഫീസർമാരും പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകും. വി.ഐ.പി. വാഹനവ്യൂഹം കടന്നുവരുന്നതിന് അഞ്ചുമിനിറ്റുമുമ്പേ ഇടവഴികളിൽനിന്നുള്ള വാഹനങ്ങൾ തടയും. പൈലറ്റ് വാഹനങ്ങൾക്ക് മുന്നേപോകുന്ന പോലീസ് ജീപ്പുകൾ സൈറണും ഹോണും മുഴക്കി ചീറിപ്പാഞ്ഞുകൊണ്ടാണ് വി.ഐ.പി. വരുന്നതിന്റെ മുന്നറിയിപ്പ് നൽകുന്നത്. വാഹനവ്യൂഹം വരുന്നതിന് തൊട്ടുമുമ്പും ഇതേ രീതിയിൽ പോലീസ് വാഹനങ്ങൾ പരിശോധന നടത്തും. മുഖ്യമന്ത്രി കടന്നുവരുമ്പോൾ നിരത്ത് പൂർണമായും കാലിയാക്കിയിരിക്കും. നാൾക്കുനാൾ കൂടുന്ന സുരക്ഷ തീവ്രവാദികളിൽനിന്നുള്ള ഭീഷണിയൊന്നും മുഖ്യമന്ത്രിക്കുനേരെ ഉണ്ടായിട്ടില്ല. പ്രതിപക്ഷകക്ഷികളുടെ കരിങ്കൊടിപ്രതിഷേധം ഒഴിവാക്കാനാണ് പോലീസ് സുരക്ഷ ശക്തമാക്കുന്നത്. തിരുവനന്തപുരം സിറ്റിയിൽ പോലീസ് അകമ്പടി ആവശ്യമില്ലെന്നുപറഞ്ഞാണ് ഒന്നാം പിണറായിസർക്കാർ കൈയടി നേടിയത്. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ പ്രതിഷേധമുയർന്നതോടെ ഇതെല്ലാം മാറിമറിഞ്ഞു. മുന്നിലും പിന്നിലും പോലീസ് വാഹനങ്ങളുടെ എണ്ണംകൂടി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒന്നുവീതം പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളാണുണ്ടായിരുന്നത്. സെക്രട്ടേറിയറ്റിൽപോലും കർശന നിയന്ത്രണങ്ങളില്ലായിരുന്നു. തലസ്ഥാനവാസികൾക്ക് പരിചിതമായി മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽനിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള പാതകൾ മിക്കവാറും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി ഈ രീതിയിൽ അടച്ചിടുന്നുണ്ട്. ഇത് സമ്മാനിക്കുന്ന ദുരിതം ചില്ലറയല്ല. വിമാനത്താവളത്തിലേക്കുള്ള യാത്രകളിൽ നന്തൻകോടുമുതൽ ചാക്കവരെ പോലീസുകാരെ ഡ്യൂട്ടിക്കിടാറുണ്ട്. മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ വീട്ടിലിരിക്കണം -വി.ഡി. സതീശൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെങ്കിൽ വീട്ടിലിരിക്കണമെന്നും അല്ലാതെ ജനങ്ങളെ ബന്ദിയാക്കരുതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സത്യാഗ്രഹസമരം ചെയ്യാൻമാത്രമേ പ്രതിപക്ഷത്തിന് അറിയൂവെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. അങ്ങനെ സത്യാഗ്രഹംമാത്രം നടത്താൻ അറിയുന്ന പ്രതിപക്ഷത്തെ ഭയന്ന് മുഖ്യമന്ത്രി എന്തിനാണ് 40 വണ്ടികളുടെ അകമ്പടിയിൽ യാത്രചെയ്യുന്നത്. രാജാവിനെക്കാൾ വലിയ രാജഭക്തി പോലീസുകാർ കാട്ടരുത്. എല്ലാ കാലവും പിണറായി വിജയനായിരിക്കില്ല മുഖ്യമന്ത്രി-സതീശൻ പറഞ്ഞു. അധികാര ഗർവ്- കെ. സുധാകരൻ എറണാകുളം ഡി.സി.സി. പ്രസിഡന്റിനെതിരായ പോലീസ് കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. അധികാര ഗർവിന്റെ ഉടുക്ക് കൊട്ടിയാൽ പേടിക്കുന്ന പ്രസ്ഥാനമല്ല കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു

