KSDLIVENEWS

Real news for everyone

പള്ളിമിനാരം പൊളിഞ്ഞ്‌ വൈദ്യുതത്തൂണുകൾ തകർന്ന സംഭവം: ഇരുട്ടിലായി രണ്ടായിരത്തിലേറെ ഉപഭോക്താക്കൾ

SHARE THIS ON

“കാസർകോട് : ദേശീയപാത വികസനത്തിന്റെ ഭാഗമായി പള്ളിമിനാരം പൊളിക്കുന്നതിനിടെ വൈദ്യുതത്തൂണുകൾ നിലം പൊത്തിയപ്പോൾ ‘ഇരുട്ടിലായത് നഗരത്തിലെ 2000-ലേറെ ഉപഭോക്താക്കൾ. രണ്ട് ആശുപത്രികളും വസ്ത്രശാലയും നക്ഷത്ര ഹോട്ടലുമുൾപ്പെടെ നാല് ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും വൈദ്യുതി തടസമുണ്ടായി. തൂണുകൾ മാറ്റുന്നതിനും മറ്റുമായി 15 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് വൈദ്യുതി ബോർഡ് കണക്കാക്കുന്നത്. 24 മണിക്കൂറിലേറെ സമയം വൈദ്യുതി വിതരണം തടസ്സപ്പെട്ടതിൽ ബോർഡിന്റെ വരുമാനത്തിൽ രണ്ടുലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ എട്ട് തൂണുകളിലുള്ള ട്രാൻസ്‌ഫോർമർ മുതൽ നുള്ളിപ്പാടി വരെയുള്ള 18 ഓളം ഇരുമ്പ് തൂണുകളും നാല് കോൺക്രീറ്റ് തൂണുകളുമാണ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ മറിഞ്ഞു വീണത്. റോഡ് കരാറുകാരായ ഊരാളുങ്കൽ സ്ഥാപിച്ച നാല് പുതിയ ഇരുമ്പ് തൂണുകളും നിലംപൊത്തിയവയിലുണ്ട്. അതിനുള്ള നഷ്ടവും ഈടാക്കേണ്ടതുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത നുള്ളിപ്പാടിയിലെ പള്ളിയുടെ മിനാരം പൊളിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് അപകട കാരണം. പണി തുടങ്ങുന്നത് കെ.എസ്.ഇ.ബി.യെ അറിയിച്ചിട്ടുമില്ല. അനുമതി വാങ്ങാതെയുള്ള പ്രവർത്തിയിൽ അപകടം വരുത്തിയതിനാൽ പള്ളിക്കമ്മിറ്റിയിൽ നിന്നാകും ബോർഡ് നഷ്ടപരിഹാരം ഈടാക്കുക. സംഭവത്തിൽ കെ.എസ്.ഇ.ബി. പോലീസിൽ പരാതി നൽകും. വൈദ്യുതി വിതരണം സാധാരണഗതിയിലാക്കുന്നതിനായി ബുധനാഴ്ച രാവിലെ മുതൽ പുതിയ തൂണുകൾ എത്തിച്ച് പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. രാത്രി ഒൻപത് മണി വരെ പരമാവധി പോസ്റ്റുകൾ മാറ്റിയിട്ടുണ്ട്. നുള്ളിപ്പാടി തളങ്കര ക്ലസ്റ്റർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിക്കാനായി. നഗരം ഉണർന്നത് ജനറേറ്ററുകളിൽ വൈദ്യുതി ബന്ധം താറുമാറായതോടെ ചൊവ്വാഴ്ച രാത്രി മുതൽ നഗരവാസികൾ വെപ്രാളത്തിലായി. വീടുകളിൽ ഇൻവേർട്ടറുകൾ മുഴുവൻ സമയം പ്രവർത്തിപ്പിച്ചാണ് നേരം വെളുപ്പിച്ചത്. നഗരത്തിലെ കടകളിൽ ജനറേറ്ററുകൾ എത്തിച്ചു. ഐസ്ക്രീം പാർലറുകൾക്ക് ഉൾപ്പെടെ ഒരു ദിവസം ജനറേറ്റർ പ്രവർത്തിപ്പിക്കാൻ മാത്രം നല്ലൊരു തുക ചെലവാക്കേണ്ടി വന്നു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!