ഐക്യരാഷ്ട്രസഭാ മുന്നറിയിപ്പ്; കടല്‍ ഉയരുന്നു; രാജ്യങ്ങള്‍ക്കിത് “വധശിക്ഷ’

ന്യുയോര്‍ക്ക് | സമുദ്ര നിരപ്പുയരുന്നത് ഉണ്ടാക്കുന്ന ഭീഷണിയെ കുറിച്ച് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും സമുദ്രനിരപ്പ് ഉയരല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള യു എന്‍ രക്ഷാ സമിതിയിലെ ആദ്യ ചര്‍ച്ചയിലാണ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പ്. ബാങ്കോക്ക്, ബ്യൂണസ് അയേഴ്സ്, ജക്കാര്‍ത്ത, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, മുംബൈ, ന്യൂയോര്‍ക്ക്, ഷാംഗ്ഹായ് തുടങ്ങിയ വന്‍ നഗരങ്ങള്‍ക്കൊപ്പം ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 90 കോടി ജനങ്ങളെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ്. ഭൂമിയിലെ ആകെ ജനസംഖ്യയുടെ പത്തില്‍ ഒന്ന് വരുമിത്. കഴിഞ്ഞ 11,000 വര്‍ഷത്തില്‍ ഉണ്ടായതിനേക്കാള്‍ വേഗത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ സമുദ്രം ചൂടുപിടിച്ചത്. വരും ദശകങ്ങളില്‍ സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികള്‍ ചുരുങ്ങും. ഹിമാലയന്‍ നദീതടങ്ങളില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെയും ഉപ്പുവെള്ളം കയറുന്നതിന്റെയും പ്രത്യാഘാതങ്ങള്‍ അനുഭവിക്കും. സാന്പത്തികമായി ദുര്‍ബലമായ രാജ്യങ്ങളെ സംബന്ധിച്ച് ഇത് “വധശിക്ഷ’ക്ക് സമാനമാണ്. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ താപനില ഉയര്‍ത്തുകയും ഹിമാനികളും മഞ്ഞുപാളികളും ഉയരുകുകയും ചെയ്യുകയാണ്. നാസയുടെ കണക്കനുസരിച്ച്, അന്റാര്‍ട്ടിക്കയില്‍ ഓരോ വര്‍ഷവും ശരാശരി 150 ബില്യണ്‍ ടണ്‍ കണക്കില്‍ മഞ്ഞുവീഴ്ച കുറയുന്നു. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ കൂടുതല്‍ വേഗത്തില്‍ കുറയുകയും പ്രതിവര്‍ഷം 270 ബില്യണ്‍ ടണ്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഗുട്ടറസ് പറഞ്ഞു. യു എന്നിന്റെ വേള്‍ഡ് മിറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ 2022ലെ റിപോര്‍ട്ട് പ്രകാരം, കഴിഞ്ഞ എട്ട് വര്‍ഷം ഏറ്റവും ചൂടേറിയതായിരുന്നു. 1993ന് ശേഷം സമുദ്ര നിരപ്പ് ഉയരുന്നതിന്റെ നിരക്ക് ഇരട്ടിയാകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന മഞ്ഞുള്ള പ്രദേശങ്ങള്‍ക്ക് പോലും, ചരിത്രത്തിലാദ്യമായി അതേ സ്ഥിതിയില്‍ വേനല്‍ക്കാലം അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

