KSDLIVENEWS

Real news for everyone

മഞ്ജുവാരിയരെ വീണ്ടും വിസ്തരിക്കണമെന്ന് സർക്കാർ; ദിലീപിന്റെ പങ്ക് തെളിയിക്കാൻ ഇത് ആവശ്യം’

SHARE THIS ON

ന്യൂഡൽഹി∙ നടിയ ആക്രമിച്ച കേസിൽ മഞ്ജുവാരിയരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ദിലീപിന്റെ പങ്ക് തെളിയിക്കാൻ ഇത് ആവശ്യമണ്. തെളിവുകൾ ഹാജരാക്കുന്നത് തടയാൻ ദിലീപ് ശ്രമിക്കുന്നു. വിചാരണ നീട്ടാനെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.

അതേ സമയം, വിചാരണ തീർക്കാൻ ആറ് മാസം കൂടി സാവകാശം വേണമെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചു. 

മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവൻ, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് ആരോപിച്ചു.

ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മുൻ ഭാര്യയായ മഞ്ജുവിന് തന്നോടു വിരോധമുണ്ട്. ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ തന്നെ സാക്ഷികളായ ഫൊറൻസിക് ഉദ്യോഗസ്ഥർ ഓഡിയോ ക്ലിപ്പുകളുടെ നിജസ്ഥിതി പരിശോധിക്കാൻ വൈദഗ്ധ്യമുള്ളവരാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

പുതിയതായി 44 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽ മിക്കവരും കേസുമായി ബന്ധമുള്ളവരല്ല. ചിലർ ഒരു തവണ വിസ്തരിച്ച് വിട്ടവരാണ്. എന്തിനാണ് ഇവരെ വീണ്ടും വിസ്തരിക്കുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

വിചാരണ 6 മാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു ഉത്തരവെങ്കിലും 24 മാസമായിട്ടും തുടരുകയാണെന്ന് ദിലീപിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!