KSDLIVENEWS

Real news for everyone

ഒരു തിരി കൊണ്ടാൽ കത്തിച്ചാമ്പലാകാൻ കെട്ടിക്കിടക്കുന്നുണ്ട് ആയിരക്കണക്കിനു വാഹനങ്ങൾ; ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കാത്തിരിപ്പുണ്ട് ഇനിയൊരു ഡംപിങ് ദുരന്തം

SHARE THIS ON

“നീലേശ്വരം ∙  വിവിധ കേസുകളിലായി പൊലീസ് പിടികൂടി പൊലീസ് സ്റ്റേഷൻ വളപ്പുകളിലും ഡംപിങ് യാർഡിലുമായി സൂക്ഷിച്ചിരിക്കുന്നത് ആയിരക്കണക്കിനു വാഹനങ്ങൾ. ഇതിൽ 996 എണ്ണം  മണൽക്കടത്തിനിടെ പിടികൂടിയ ടിപ്പർ ലോറി  ഉൾപ്പെടെയുള്ള വാഹനങ്ങളാണ്. നീലേശ്വരം പൊലീസ് സ്റ്റേഷനിൽ വർഷങ്ങളായി കൂട്ടിയിട്ട് കാടുപടർന്ന വാഹനങ്ങൾ. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് ആസ്ഥാനത്തെ ഗ്രൗണ്ടിലും കാഞ്ഞങ്ങാട് നിർമിതി കേന്ദ്രത്തിന്റെ വളപ്പിലും ചട്ടഞ്ചാൽ ഡംപിങ് യാർഡിലുമാണ് ബസ്, ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ഇവയിൽ ഭൂരിഭാഗവും തുരുമ്പെടുത്തും ദ്രവിച്ചും തുടങ്ങിയവയാണ്. പൂഴി ലോഡ് കൂടിയുള്ള വാഹനങ്ങളിലാകെ പുൽക്കൂട്ടവും കുറ്റിക്കാടുകളും പടർന്നു കയറിയിട്ടുണ്ട്. വേനൽ കടുക്കുന്നതോടെ ഇവ ഉണങ്ങിക്കരിയുന്നത് തീപിടിത്തത്തിനും സാധ്യത കൂട്ടുകയാണ്. മഴക്കാലത്താകട്ടെ, വാഹനങ്ങളിലെ തുരുമ്പും ദ്രവിച്ച ഭാഗങ്ങളുമെല്ലാം മഴവെള്ളത്തിലൊഴുകി പരക്കുന്ന സ്ഥിതി പകർച്ചവ്യാധി ഭീതിയും വേറെയാണ്. വാഹനങ്ങളിൽ ചിലതിൽ ഇഴജന്തുക്കളും തെരുവുനായ്ക്കളും പൂച്ചകളുമെല്ലാമുണ്ട്. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഉയർത്തുന്ന സ്ഥലപരിമിതി മൂലം ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനിൽ ആഴ്ചകളിൽ നടക്കുന്ന പരേഡിനു പോലും സ്ഥലമില്ലാത്ത സ്ഥിതിയാണുള്ളത്. നീലേശ്വരം പൊലീസ് സ്റ്റേഷനിലും പുറത്തു ദേശീയപാതയോരത്തുമായി കെട്ടിക്കിടത്തുന്നത് നൂറോളം വാഹനങ്ങളാണ്. സ്ഥലപരിമിതി മൂലം ഓഫിസർമാരുടെ ഉൾപ്പെടെ സ്റ്റേഷനിൽ ദിവസേന എത്തേണ്ട വാഹനങ്ങൾ പോലും നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. പല സ്റ്റേഷനുകളിലും വാഹന ലേലം ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. മണൽക്കടത്തിനിടെ പിടികൂടിയ ആയിരത്തോളം വാഹനങ്ങളുടെ തുടർനടപടികൾ സ്വീകരിക്കേണ്ടത് റവന്യൂ വകുപ്പാണ്. അതിനാൽ സ്റ്റേഷൻ വളപ്പുകളിലും ഡംപിങ് യാർഡിലുമായി കൂട്ടിയിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി റവന്യു വകുപ്പിനു പൊലീസ് കത്ത് നൽകിയിട്ടുണ്ട്.  3സ്റ്റേഷനുകളിൽആയിരത്തോളം വാഹനങ്ങൾ പൊലീസ് പിടികൂടിയവയിൽ ഏറെ വാഹനങ്ങൾ ഉള്ളത് കുമ്പള, മഞ്ചേശ്വരം, കാസർകോട് പൊലീസ് സ്റ്റേഷനുകളിലാണ്. ഈ മൂന്നു സ്റ്റേഷനുകളിലായി ആയിരത്തോളം വാഹനങ്ങളുണ്ട്. കാസർകോട് മാത്രമായി മൂന്നുറിലേറെ വാഹനങ്ങളുണ്ട്. ഇതിനു പുറമേ ഇവിടെ റജിസ്റ്റർ ചെയ്ത കേസുകളിലെ വാഹനങ്ങളിൽ ഏറെയുംചട്ടഞ്ചാൽ ഡംപിങ് യാർഡിലാണുള്ളത്. കൂടുതലും ബൈക്കുകളാണ്. കാസർകോട് ടൗൺ സ്റ്റേഷൻ വളപ്പിൽ ബൈക്കുകൾ മാത്രം നൂറിലേറെയാണ്. മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ, ബേക്കൽ എന്നിവിടങ്ങളിലും ബൈക്കുകളാണ് ഏറെയുള്ളത്. ലഹരിക്കടത്ത് കേസുകളിലാണ് ഏറെയും ബൈക്കുമായി പ്രതികളെ പിടികൂടുന്നത്. മണൽക്കടത്തിനിടെ പിടികൂടുന്നത് ഓട്ടോറിക്ഷ, മിനി ലോറി, ടിപ്പർ ഉൾപ്പെടെയുള്ള  വാഹനങ്ങളാണ്.  കാറ്റേ, നീ വീശരുതേ… വേനൽ കടുക്കുന്നതോടെ സ്റ്റേഷനുകളുടെ ചുമതലയുള്ള ഹൗസ് ഓഫിസർമാർക്കു ആവലാതിയാണ്. തളിപ്പറമ്പിലെ ഡംപിങ് യാർഡിൽ തീ പിടിച്ച് ഇരുന്നൂറോളം വാഹനങ്ങൾ കത്തി നശിച്ചതോടെ ഓഫിസർമാരുടെ ആവലാതി ഇരട്ടിയായി. അതിനാൽ കാറ്റും തീപ്പൊരിയും  ഉണ്ടാകാതിരിക്കാൻ  പ്രാർഥിക്കുകയാണെന്ന് പൊലീസുകാർ. പൊലീസ് സ്റ്റേഷൻ വളപ്പിലും ഡംപിങ് യാർഡിലുമായി സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ഏറെയും നിലവിൽ  കോടതിയിൽ കേസുള്ളതാണ്. തീർപ്പായതും ഇതിൽ ഉൾപ്പെടും. തീർപ്പായ കേസുകളിൽപ്പെട്ട വാഹനം ഏറ്റെടുക്കാൻ ആവശ്യക്കാർ എത്തുന്നില്ല. വർഷങ്ങളായി മഴയും വെയിലും ഏൽക്കുന്ന  വാഹനങ്ങൾ നന്നാക്കിയെടുത്ത് ഉപയോഗിക്കണമെങ്കിൽ വൻ തുക വേണം. അതിനാൽ അതിന് ആരും മുതിരുന്നില്ല.  ചട്ടഞ്ചാൽ ഡംപിങ് യാർഡിൽ2 തീപിടിത്തം ദേശീയപാതയോരമായ ചട്ടഞ്ചാലിൽ  വില്ലേജ് ഓഫിസിനു സമീപത്തെ ഡംപിങ് യാർഡിലുണ്ടായ  4 വർഷത്തിനുള്ളിൽ രണ്ടു തവണയാണു തീപിടുത്തം ഉണ്ടായത്. ഇതിൽ ഒട്ടേറെ വാഹനങ്ങൾ കത്തിനശിച്ചിരുന്നു. ബേക്കൽ, വിദ്യാനഗർ, കാസർകോട്  സ്റ്റേഷനുകളിലെ വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങളായിരുന്നു ഡംപിങ് യാർഡിലുണ്ടായിരുന്നത്. 2 വർഷങ്ങൾക്കു മുൻപ്  ഇവിടെയുണ്ടായ തീപിടിത്തിൽ വൻ പൊട്ടിത്തറിയാണ് ഉണ്ടായത്. കത്തിയ വാഹനങ്ങളുടെ അവിശിഷ്ടങ്ങൾ ഇപ്പോഴും ഡംപിങ് യാർഡിലുണ്ട്. ഇവിടെങ്ങളിലെ വാഹനങ്ങളിൽ നിന്നു ടയറുകളും ബാറ്ററികളും ഉൾപ്പെടെ മോഷണം പോകുന്നതും പതിവാണ്. ജില്ലാ പൊലീസ് ആസ്ഥാനത്ത് ഗ്രൗണ്ടിന്റെ സമീപത്ത് അഞ്ഞൂറിലേറെ വാഹനങ്ങളാണുള്ളത്. കാസർകോട്, ബേക്കൽ സബ്ഡിവിഷൻ പരിധിയിലെ  പൊലീസ് സ്റ്റേഷനുകളിലാണ് കേസുകളിൽപ്പെട്ട വാഹനങ്ങൾ ഏറെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!