‘റുഷ്ദി മരിച്ചു ജീവിക്കുന്ന അവസ്ഥയിൽ’: അക്രമിക്ക് പാരിതോഷികവുമായി സംഘടന

“ദുബായ്∙ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ യുഎസിൽ ആക്രമിച്ച യുവാവിനു പാരിതോഷികം നൽകുമെന്ന് ഇറാനിലെ ഫൗണ്ടേഷൻ. 1000 ചതുരശ്ര മീറ്റർ കൃഷി സ്ഥലമാണ് ഇയാൾക്കു നൽകുകയെന്ന് ഫൗണ്ടേഷൻ അറിയിച്ചു. ഇറാന് ഔദ്യോഗിക ടിവിയാണു ടെലഗ്രാം ചാനലിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഖുമൈനിയുടെ ഫത്വകൾ നടപ്പാക്കാനായി രൂപീകരിച്ച ഫൗണ്ടേഷനാണ് പാരിതോഷികമായി കൃഷിഭൂമി നൽകുന്നത്. ‘‘റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച ഇല്ലാതാക്കുകയും ഒരു കൈയുടെ സ്വാധീനശക്തി നശിപ്പിക്കുകയും ചെയ്ത് മുസ്ലിംകളെ സന്തോഷിപ്പിച്ച യുവ അമേരിക്കക്കാരന്റെ ധീരതയ്ക്ക് ആത്മാർഥമായി നന്ദി പറയുന്നു’’ – ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സറെയ് അറിയിച്ചു. ‘‘റുഷ്ദി ഇപ്പോൾ മരിച്ചു ജീവിക്കുന്ന അവസ്ഥയിലാണ്. ഈ ധീര നടപടിയെ ആദരിക്കുന്നതിനായി 1000 ചതുരശ്ര മീറ്റർ കൃഷി സ്ഥലം ഇയാൾക്കോ ഇയാളുടെ പ്രതിനിധിക്കോ കൈമാറും.’’ – സറെയ് കൂട്ടിച്ചേർത്തു.”

