KSDLIVENEWS

Real news for everyone

ഹര്‍മന്‍പ്രീതിന്റെ വിക്കറ്റ് നിര്‍ണായകമായി; ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ഫൈനലില്‍

SHARE THIS ON

കേപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍. സെമിയില്‍ അഞ്ച് റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ചിരുന്ന ഇന്ത്യ കളി കൈവിട്ടുകളയുകയായിരുന്നു. അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമിമ റോഡ്രിഗ്‌സും പൊരുതിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യ കളികൈവിടുകയായിരുന്നു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഷഫാലി വര്‍മ (9), സ്മൃതി മന്ദാന (2), യസ്തിക ഭാട്ടിയ (4) എന്നിവര്‍ ആദ്യ നാല് ഓവറിനുള്ളില്‍ മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ജെമിമ റോഡ്രിഗ്‌സ് – ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഓസീസിനെ പ്രതിരോധത്തിലാക്കി. പക്ഷേ 11-ാം ഓവറില്‍ ഡാര്‍സി ബ്രൗണിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച ജെമീമയ്ക്ക് പിഴച്ചു. പന്ത് അലിസ ഹീലിയുടെ കൈയില്‍. 24 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 43 റണ്‍സെടുത്ത ജെമിമ മടങ്ങിയതോടെ ഓസീസ് കളിയില്‍ പിടിമുറുക്കി. റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 15-ാം ഓവറില്‍ കാണിച്ച അശ്രദ്ധ ക്യാപ്റ്റന്റെ വിക്കറ്റെടുത്തു. രണ്ടാം റണ്ണിനായി ഓടിയ ഹര്‍മന്‍പ്രീതിന്റെ ബാറ്റ് പിച്ചില്‍ ക്രീസിനു മുന്നില്‍ കുടുങ്ങി, ഒട്ടും സമയം കളയാതെ ഹീലി ബെയ്ല്‍സ് ഇളക്കി. പിന്നാലെ 17 പന്തില്‍ നിന്ന് 14 റണ്‍സുമായി റിച്ചയും മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷ പൊലിഞ്ഞു. ദീപ്തി ശര്‍മ 17 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. ബെത്ത് മൂണി, ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 37 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 54 റണ്‍സെടുത്ത മൂണിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണിങ് വിക്കറ്റില്‍ അലിസ ഹീലിക്കൊപ്പം 52 റണ്‍സിന്റെ കൂട്ടുകെട്ടും മൂണി പടുത്തുയര്‍ത്തി. 26 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ഹീലിയെ പുറത്താക്കി രാധ യാദവാണ് ഓസീസിന് ആദ്യ തിരിച്ചടി നല്‍കിയത്. പിന്നീട് ക്രീസിലെത്തിയ മെഗ് ലാന്നിങ്ങും മികച്ച ഫോമില്‍ ബാറ്റ് വീശി. 34 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം പുറത്താകാതെ നിന്ന ലാന്നിങ്ങാണ് ഓസീസ് സ്‌കോര്‍ 170 കടത്തിയത്. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ആഷ്‌ലി ഗാര്‍ഡ്‌നറെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റില്‍ 53 റണ്‍സും ലാന്നിങ് ഓസീസ് സ്‌കോര്‍ബോര്‍ഡിലെത്തിച്ചു. ഗ്രേസ് ഹാരിസാണ് (7) പുറത്തായ മറ്റൊരു താരം. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!