അടൽ തുരങ്ക പാതയിൽ 72 മണിക്കൂറിനിടെ മൂന്ന് വാഹനപകടം

ഹിമാചൽ പ്രദേശ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച റോത്തെങ്ങിലെ അടൽ തുരങ്കപാതയിൽ 72 മണിക്കൂറിനിടെ മൂന്ന് വാഹനാപകടം . അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടങ്ങൾക്ക് കാരണമായതെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ അധികൃതർ പറഞ്ഞു . തുരങ്കത്തിലൂടെ കടന്നുപോകുന്നതിനിടെ സെൽഫിയെടുക്കാനുള്ള ശ്രമങ്ങളാണ് അപകടത്തിൽ കലാശിച്ചത് . തുരങ്കത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കാത്തതിൽ പ്രാദേശിക അധികൃതരെ ബോർഡർ റോഡ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തിയിരുന്നു . തുടർന്ന് 48 മണിക്കൂറിന് ശേഷമാണ് സുരക്ഷാ ജീവനക്കാരെ നിയോഗിച്ചത് . വാഹനയാത്രികർ തുരങ്കത്തിൽ നിർത്തി ഫോട്ടോയെടുക്കുന്നതും യാത്രക്കിടെ സെൽഫിയെടുക്കുന്നതും അപകട ഭീഷണിയാകുന്നുണ്ട്.ഹിമാചൽ പ്രദേശിലെ മണാലി- ലേ പാതകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം . ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച രാജ്യത്തിന്റെ അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത് .

