ദോഹയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം, മരിച്ചവരില്‍ മലപ്പുറം സ്വദേശിയും

ദോഹ: ദോഹയിലെ മന്‍സൂറയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍(48) മരിച്ചു. ഖത്തറിലെ പ്രശസ്ത കലാകാരനാണ് മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍(ഫൈസല്‍ കുപ്പായി). ബുധനാഴ്ച രാവിലെ എട്ടുമണിക്ക് തകര്‍ന്നുവീണ ബഹുനിലകെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വെള്ളിയാഴഅച രാത്രിയാണ് ഫൈസലിന്റെ മൃതദേഹം കണ്ടെടുത്തത്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ബുധനാഴ്ച രാവിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഏഴുപേരെ രക്ഷാസംഘം ഉടനടി രക്ഷിച്ചിരുന്നു. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും രക്ഷിച്ചു. 12 കുടുംബങ്ങളെ അധികൃതര്‍ സുരക്ഷിതമായി മാറ്റിയിരുന്നു.
അതേസമയം, കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെ കാസര്‍കോട് സ്വദേശിയായ അഷ്‌റഫ് എന്ന അച്ചപ്പുവിനെ കാണുന്നില്ലെന്ന പരാതിയുമായി ബന്ധുകള്‍ രംഗത്തെത്തിയിരുന്നു. തകര്‍ന്ന കെട്ടിടത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇദ്ദേഹത്തെ കുറിച്ച് അതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

