KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ കോൺഗ്രസ് പ്രതിഷേധം, സംഘർഷാവസ്ഥ; അനുനയ നീക്കവുമായി കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനു നേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ സമരവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

കഴിഞ്ഞ ദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധത്തിൽ വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആർ.എം.എൽ. ആശുപത്രിയിലെത്തി രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. വിഷയം പാർലമെന്റിലും പ്രതിപക്ഷം ശക്തമായി ഉയർത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധിക്കുന്നത്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറടക്കമുള്ള നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.വൈകീട്ട് മൂന്നു മണിക്ക് എല്ലാ കോൺഗ്രസ് എം.പി.മാരോടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ എത്താൻ നേരത്തെ നിർദേശിച്ചിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായായിരുന്നു രാജ്യസഭയിലെയും ലോക്‌സഭയിലെയും എം.പി.മാരെ വസതിയിലേക്ക് ക്ഷണിച്ചത്. ഇവിടെനിന്നാണ് അപ്രതീക്ഷിതമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എം.പി.മാർ പ്രതിഷേധം ആരംഭിച്ചത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന അതീവ സുരക്ഷാ പാതയിലാണ് എം.പി.മാർ ധർണയിരിക്കുന്നത്.

കേരളത്തിൽനിന്നുള്ള എംപിമാരുൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബലം പ്രയോഗിച്ചാണ് എംപിമാരെ പോലീസ് നീക്കിയത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും എംപിമാർ വളഞ്ഞ് നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!