കാസർകോട് മത്സ്യബന്ധന തുറമുഖം വിപുലീകരിക്കുന്നതിന് 70 കോടി 50 ലക്ഷം രൂപയുടെ സംസ്ഥാന സർക്കാറിന്റെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു

തിരുവനന്തപുരം : 2010 ജനുവരി 8നാണ് കാസർകോട് മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിട്ടത്. ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണ പ്രവർത്തിക്കായി 29 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുകയും, ഒന്നാംഘട്ട പ്രവർത്തി 2015 ഡിസംബർ മാസം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. നിർമ്മാണം പൂർത്തിയായപ്പോൾ പുലിമുട്ടുകളുടെ അകലം വർദ്ധിപ്പിക്കുന്നതിനു തദ്ദേശവാസികളുടെ പരാതി നിലനിൽക്കുന്നതിനാൽ കമ്മീഷൻ ചെയ്യാൻ സാധിച്ചില്ല.
ബ്രേക്കുവാട്ടറിന്റെ നീളവും അകലവും വർധിപ്പിക്കണമെന്ന ആവശ്യപ്രകാരം പുതുക്കിയ മോഡൽ സ്റ്റഡി നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. മോഡൽ സ്റ്റഡി റിപ്പോർട്ട് പ്രകാരം വടക്കേ പുലിമുട്ടിന് 240 മീറ്റർ വടക്കുഭാഗത്തായി 540 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കുന്നതിനും, നിലവിലുള്ള പുലിമുട്ട് 200 മീറ്റർ നീളം വർദ്ധിപ്പിക്കുന്നതിനുമാണ് ശുപാർശ ചെയ്തിരുന്നത്. ഇതിന്റെ ആദ്യഘട്ടമായി നിലവിലുള്ള വടക്കേ പുലിമുട്ടിന്റെ വടക്കുഭാഗത്തായി 200 മീറ്റർ ബ്രേക്കുവാട്ടറിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
മോഡൽ സ്റ്റഡി പ്രകാരമുള്ള ശേഷിക്കുന്ന ബ്രേക്കുവാട്ടർ നിർമ്മാണവും ബീച്ച് ലാൻഡിംഗും അനുബന്ധ കെട്ടിടങ്ങളും ഉൾക്കൊള്ളിച്ച എസ്റ്റിമേറ്റ് (71 കോടി രൂപ) പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരത്തിനായി കേന്ദ്രസർക്കാരിന് വളരെ മുമ്പ് സമർപ്പിച്ചിരുന്നു.
മോഡൽ സ്റ്റഡി പ്രകാരം ശേഷിക്കുന്ന പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ ഗിയർ ഷെഡ്, റസ്റ്റ് ഷെഡ്, ഷോപ്പ് ബിൽഡിംഗ്, ക്യാന്റീൻ ബിൽഡിംഗ്, ബീച്ച് ലാൻഡിംഗ് ഫെസിലിറ്റി, ഇന്റേണൽ റോഡ്, വർക്ക്ഷോപ്പ് ബിൽഡിംഗ്, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്, നെറ്റ് മെൻഡിംഗ് ഷെഡ്, അപ്രോച്ച് റോഡ്, ഓക്ഷൻ ഹാൾ, പാർക്കിംഗ് ഏരിയ എന്നിവ പൂർത്തിയാക്കാനാണ് 70 കോടി 53 ലക്ഷം രൂപ വിനിയോഗിക്കുക എന്ന് എം.എൽ.എ അറിയിച്ചു.
ഇതിൽ കേന്ദ്ര വിഹിതം 42 കോടി 32 ലക്ഷവും, സംസ്ഥാനത്തിന്റേത് 28 കോടി 21 ലക്ഷവുമാണ്.
(എൻ.എ. നെല്ലിക്കുന്ന്)

