പ്ലാസ്റ്റിക്കിന്റെ പേരിൽ ഭീമമായ പിഴ ഈടാക്കൽ; പ്രതിഷേധിച്ച് വ്യാപാരികൾ

കാസർകോട് ∙ പ്ലാസ്റ്റിക് വിൽപനയുടെ പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി വൻതുക പിഴ ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡിൽ തകർന്ന വ്യാപാര മേഖലയ്ക്ക് ആകെ പ്രതീക്ഷയായിട്ടുള്ളത് ആഘോഷ ദിനങ്ങളായ വിഷുവും പെരുന്നാളുമാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഉദ്യോഗസ്ഥർ കടകളിൽ കയറി പ്ലാസ്റ്റിക്കിന്റെ പേരിൽ ഭീമമായ തുക പിഴ ഈടാക്കുകയാണ്. നിസ്സാര കാര്യങ്ങൾ പറഞ്ഞ് ഒന്നോ രണ്ടോ പ്ലാസ്റ്റിക് കൂടുകൾ പിടിച്ചെടുത്ത് ഭീമമായ തുക പിഴ ഈടാക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ആരോപിച്ചു. നിരോധിച്ച പ്ലാസ്റ്റിക്കിന് പകരം ബദൽ സംവിധാനമോ ആവശ്യമായ ബോധവൽക്കരണം വ്യാപാരികൾക്കോ പൊതുജനങ്ങൾക്കോ നൽകാതെയാണ് ഈ നയം നടപ്പാക്കിയതെന്ന് കെ.അഹമ്മദ് ഷെരീഫ് കുറ്റപ്പെടുത്തി. ആഘോഷ വേളകളിലെ വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്ന കട പരിശോധനയും ഭീമമായ തുക പിഴ ഈടാക്കുന്നതും നിർത്തിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്നു ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകി.”

