KSDLIVENEWS

Real news for everyone

വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി; ഭാവിയില്‍ കൂടുതല്‍ സര്‍വീസുണ്ടാകുമെന്ന് റെയില്‍വേ മന്ത്രി

SHARE THIS ON

ന്യൂഡല്‍ഹി: കേരളത്തിനനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടി. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെ സര്‍വീസ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് കാസര്‍കോട് വരെ നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുഘട്ടമായി ട്രാക്കുകള്‍ പരിഷ്‌കരിക്കും. ഒന്നരവര്‍ഷത്തിനുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. രണ്ടാംഘട്ടത്തില്‍ 130 കിലോമീറ്ററായി ഉയര്‍ത്തും. വളവുകള്‍ നിവര്‍ത്താന്‍ സ്ഥലമേറ്റടുക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയമെടുക്കും. ഡി.പി.ആര്‍. തയ്യാറായിക്കൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ടം രണ്ടുമുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായാക്കുമെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് സങ്കീര്‍ണ്ണമായ പ്രവര്‍ത്തിയാണ്. നിലവില്‍ കേരളത്തിന് ഒരു വന്ദേഭാരത് സര്‍വീസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭാവിയില്‍ കൂടുതല്‍ സര്‍വീസുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 110 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കാനായി 381 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വന്ദേഭാരതിന്റെ സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ തീരുമാനമാവുന്നതേയുള്ളു. സില്‍വല്‍ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മലയാളത്തില്‍ നന്ദി പറഞ്ഞായിരുന്നു അശ്വനി വൈഷ്ണവ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!