വരണ്ടുണങ്ങി നാട്; കാസർകോട് വേനൽമഴയിൽ 94% കുറവ്, കണ്ണൂരിൽ 100%

കടുത്ത വേനലിനെത്തുടർന്ന് അഡൂർ ചീനടി വനമേഖലയിലെ മരങ്ങൾ ഉണങ്ങിയ നിലയിൽ.
കാസർകോട് : വറ്റിയ പുഴകൾ, വരണ്ട പാടങ്ങൾ, ഇതുവരെ വറ്റാത്ത കിണറുകളിൽ പോലും പാറ തെളിഞ്ഞ അവസ്ഥ. അത്യുഷ്ണത്തിൽ വലയുകയാണ് വടക്കൻ മലബാർ. വേനലിന്റെ കടുപ്പത്തിൽ വിയർത്തു കുളിക്കുകയാണു നാട്ടുകാർ. അന്തരീക്ഷ ആർദ്രത താരതമ്യേന കൂടുതലായതിനാൽ രേഖകളിലെ താപനിലയേക്കാൾ കൂടുതലാണ് ചൂട് അനുഭവപ്പെടുന്നത്.
വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം വർധിക്കുകയാണ്. കുഴൽക്കിണറുകളിൽ പോലും ആശങ്കാജനകമായ നിരപ്പിൽ ജലവിതാനം താഴുന്നു. ഇടനാടൻ ചെങ്കൽ മേഖലകളിൽ ഉൾപ്പെടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വേനൽമഴ കുറയുന്നതും പടിഞ്ഞാറൻ കാറ്റിന്റെ അഭാവവും അൾട്രാ വയലറ്റ് കിരണങ്ങളുമാണ് താപനിലയിലെ വർധനയ്ക്കു കാരണം. കണ്ണൂർ വിമാനത്താവളം, ചെമ്പേരി, പാണത്തൂർ എന്നീ സ്ഥലങ്ങളിലെ ഓട്ടമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകൾ ഇന്നലെയും 40 ഡിഗ്രിയിലേറെ താപനില രേഖപ്പെടുത്തി.
താപനില അറിയാൻ ഔദ്യോഗിക സംവിധാനമില്ല
താപനില രേഖപ്പെടുത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അംഗീകാരമുള്ള ഒരു കേന്ദ്രം പോലും നിലവിൽ കാസർകോട് ജില്ലയിൽ ഇല്ല. കണ്ണൂരിൽ ഒരെണ്ണമുണ്ട്. ഓട്ടമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളലെ വിവരങ്ങൾ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി അംഗീകരിച്ചു തുടങ്ങിയിട്ടില്ല. ഇവയിൽ പലദിവസവും 40 ഡിഗ്രിയിലേറെ താപനില രേഖപ്പെടുത്തിയിട്ടും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ജാഗ്രതാ മേഖലകളിൽ കാസർകോട് ഉൾപ്പെടാത്തതിന്റെ കാരണവും ഇതുതന്നെ. ദീർഘകാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ 2 ഡിഗ്രിയിലേറെ വർധനവുണ്ടായ സ്ഥലങ്ങളിലാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
കടൽക്കാറ്റില്ല; വേനൽമഴയും
വടക്കു – കിഴക്കൻ മേഖലയിൽ നിന്നുള്ള കാറ്റും അറബിക്കടലിൽ നിന്നുണ്ടാകുന്ന പടിഞ്ഞാറൻ കാറ്റും ചേരുമ്പോളാണ് വേനൽമഴ ലഭിക്കുന്നത്. ഇത്തവണ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം കണ്ണൂരിൽ 100 ശതമാനവും കാസർകോട് 94 ശതമാനവും വേനൽമഴ കുറവാണ്. സംസ്ഥാനത്ത് വേനൽമഴ 44% കുറവാണ്.
കിഴക്കൻ മേഖലയിലെ വരണ്ട കാറ്റിന്റെ സ്വാധീനം കൂടുതലാണ്. ഈർപ്പത്തിന്റെ അംശം കൂടുതലുള്ള അറബിക്കടലിലെ കാറ്റ് വീശുന്നില്ല. രാത്രി കാലത്ത് കര തണുക്കുമ്പോൾ സമുദ്രോപരിതലത്തിലെ താപനില വർധിച്ച് ശരാശരി 28–30 ഡിഗ്രി സെൽഷ്യസിലെത്തി നിൽക്കുന്നു. അന്തരീക്ഷ ആർദ്രത വർധിക്കുന്നതും അനുഭവപ്പെടുന്ന ചൂടിലെ വർധനയ്ക്കു കാരണമാകുന്നു.
അറബിക്കടലിനു മുകളിൽ ഇപ്പോൾ മർദം കൂടിയ മേഖലയുണ്ട്. ഇത് പടിഞ്ഞാറൻ കാറ്റിനു തടസ്സമാകുന്നുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഗൾഫ് മേഖലയിൽ പോലും കേരളത്തിലേക്കാൾ കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
മഴ സാധ്യത
ഈ ആഴ്ച അവസാനത്തോടെ തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും വേനൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. അടുത്ത ദിവസങ്ങളിലെ മഴ പ്രവചന മേഖലകളിലും കണ്ണൂരും കാസർകോടും ഉൾപ്പെട്ടിട്ടില്ല. തുറന്ന കിണറുകളിലെ വെള്ളം വറ്റിയതിനാൽ മിക്ക മേഖലകളിലും കുഴൽക്കിണറുകളെ ആശ്രയിക്കുന്നുണ്ട്. ഭൂഗർഭ ജല വകുപ്പിന്റെ 66 നിരീക്ഷണ കിണറുകളിലെ ജലനിരപ്പും വേനൽ കനക്കും തോറും കുറയുകയാണ്. അഗ്നിരക്ഷാസേന ഇടപെടേണ്ട തീപിടിത്തങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്. ഫയർ സ്റ്റേഷനുകളിലേക്കു വെള്ളമെത്തിക്കാനും ചില സ്ഥലങ്ങളിൽ പ്രയാസപ്പെടുന്നുണ്ട്.
സൂര്യാതപം
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട്, ചുവന്ന് ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, നാഡിമിടിപ്പ് മന്ദഗതിയിലാകൽ, മാനസികാവസ്ഥയിൽ മാറ്റങ്ങൾ എന്നിവ സൂര്യാതപത്തിന്റെ ലക്ഷണങ്ങളാണ്. അബോധാവസ്ഥയിലേക്കു പോകാനും സാധ്യതയുണ്ട്. ഉടൻ തന്നെ ശരീരം തണുപ്പിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണം. നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. പൊള്ളിയുണ്ടായ കുമിളകൾ പൊട്ടിക്കരുത്.
എന്തു ചെയ്യണം?
∙തണുത്ത സ്ഥലത്തേക്കു മാറി വിശ്രമിക്കുക
∙കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യണം
∙തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം
∙ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കണം
∙ ധാരാളം വെള്ളം കുടിക്കണം, പഴങ്ങളും സാലഡുകളും കഴിക്കണം
∙ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം സംഭവിച്ചാലോ ആശുപത്രിയിലെത്തിക്കണം
താപശരീരശോഷണം
സൂര്യാതപത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ലവണങ്ങളും ജലാംശവും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, പേശിവലിവ്, ഛർദി, അസാധാരണമായ വിയർപ്പ്, മൂത്രത്തിന്റെ അളവു തീരെ കുറയൽ, കഠിനമായ ദാഹം, ബോധക്ഷയം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യസഹായം തേടണം. ഇല്ലെങ്കിൽ സൂര്യാതപത്തിന്റെ അവസ്ഥയിലേക്കു മാറാം.
പ്രത്യേക ശ്രദ്ധ വേണം
കാഠിന്യമേറിയ ചൂടിൽ പ്രത്യേക കരുതൽ വേണ്ടവരാണ് പ്രായമായവരും കുട്ടികളും. ഗർഭിണികളും ഗുരുതര രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവർ സമയം ക്രമീകരിക്കണം. കൂടുതൽ വെള്ളം കുടിച്ചും ഭക്ഷണത്തിൽ ശ്രദ്ധിച്ചും ജലാംശമുള്ള ആഹാരസാധനങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയും കരുതലോടെയിരിക്കണം. വിയർപ്പു മൂലം ശരീരം ചൊറിഞ്ഞു തിണർക്കുന്ന അവസ്ഥ കുട്ടികളിൽ കൂടുതലായി കാണപ്പെടാം. തിണർപ്പ് ബാധിച്ച ഭാഗങ്ങൾ ഈർപ്പരഹിതമായി സൂക്ഷിക്കണം.
ചൂടിനെ പ്രതിരോധിക്കാം
∙ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കുടിക്കുന്നത് ലവണനഷ്ടത്തിനു പരിഹാരമേകും.
∙കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
∙11 മുതൽ 3 മണി വരെയുള്ള വെയിൽ കൊള്ളരുത്.
∙വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടണം
∙കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറങ്ങളുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ മാത്രം ധരിക്കണം
∙വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്

