ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹമാസ് നേതാക്കള്‍ സൗദി അറേബ്യയില്‍

റിയാദ്: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹമാസ് നേതാക്കള്‍ സൗദി അറേബ്യയില്‍ സന്ദര്‍ശനത്തിനെത്തി. ഗസയുടെ ഭരണം വഹിക്കുന്ന ഹമാസുമായി ഏഴ് വര്‍ഷത്തിലേറെയായി ഭിന്നതയിലായിരുന്നു സൗദി അറേബ്യ. ഫലസ്തീന് പ്രസിഡണ്ട് ചര്‍ച്ചകള്‍ക്കായി ജിദ്ദയിലുണ്ട്. ഹമാസുമായി ചര്‍ച്ചക്ക് വഴിയൊരുങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫലസ്തീന് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ വിമാനമിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് രാഷ്ട്രീയ നേതൃത്വം സൗദിയിലെത്തിയത്. ഹമാസ് നേതാക്കളായ ഇസ്മാഈല്‍ ഹനിയ്യ, ഖാലിദ് മിശ്അല്‍ എന്നിവരും സംഘവും മക്കയില്‍ ഉംറ നിര്‍വഹിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഖാലിദ് മിശ്അല്‍ 2015ല്‍ സൗദിയില്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇസ്മാഈല്‍ ഹനിയ്യ ആദ്യമായാണ് സൗദിയില്‍ വരുന്നത്. കനത്ത സുരക്ഷയിലായിരുന്നു ഇവര്‍ മക്കയില്‍ എത്തിയത്. 2007ല്‍ ഗസയുടെ ഭരണം ഹമാസ് ഏറ്റെടുത്തതോടെ ഫലസ്തീന് ഭരിക്കുന്ന ഫതഹ് പാര്‍ട്ടിയും ഹമാസും ഭിന്നതയിലായിരുന്നു. ഹമാസ്, ഗസ ഏറ്റെടുത്തതോടെ വിഷയത്തില്‍ മധ്യസ്ഥതക്ക് ശ്രമിച്ച സൗദി നീക്കവും പാളി. അന്നുമുതല്‍ ഭിന്നതയിലാണ് സൗദിയും ഹമാസും. ഹമാസിന്റെ ഇറാന് ബന്ധവും സൗദിയെ ചൊടിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫതഹ് പാര്‍ട്ടി നേതാവും ഫലസ്തീന് പ്രസിഡണ്ടുമായ മഹ്മൂദ് അബ്ബാസും ഹമാസിനെതിരെ ഭിന്നിച്ചു. 2015ല്‍ ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ മക്കയില്‍ സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം ആദ്യമായി ഫലസ്തീന് പ്രസിഡണ്ടും ഹമാസ് നേതാക്കളും സൗദിയില്‍ ഒരുമിച്ചെത്തിയത് അപ്രതീക്ഷിത നീക്കമാണ്. ഇവര്‍ തമ്മില്‍ ചര്‍ച്ചകളുണ്ടാകുമെന്ന് സൗദിക്ക് പുറത്തെ അറബ്, അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സൗദിയും ഹമാസും വിഷയത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. സൗദിക്കെതിരായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി ഹമാസ് നേതാക്കളും അംഗങ്ങളും 2018 മുതല്‍ സൗദിയില്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരെയും സൗദി കഴിഞ്ഞ വര്‍ഷത്തോടെ വിട്ടയച്ചു. അവശേഷിക്കുന്നവരുടെ മോചനക്കാര്യം സൗദിയുമായി യോഗം നടന്നാല്‍ ഹമാസ് ഉന്നയിക്കും. ഇറാനുമായുള്ള ബന്ധത്തോടെ മേഖലയില്‍ ബന്ധം പുനസ്ഥാപിക്കുന്ന നിര്‍ണായക നീക്കത്തിലാണ് സൗദി. ഹമാസ് നേതാക്കള്‍ സൗദിയിലെത്തിയതും ഇറാനുമായുള്ള ബന്ധം പുനസ്ഥാപിക്കലും ഇസ്രയേല്‍, യുഎസ് മാധ്യമങ്ങളിലും പ്രാധാന്യം നേടി. യുഎസിനെ മാറ്റി നിര്‍ത്തി ഏഷ്യന്‍ രാജ്യങ്ങളുടെ ഐക്യത്തിലൂടെ സ്വന്തം കാലില്‍ നില്ക്കുന്ന പുതിയ സൗദിയുടെ ഉദയമാണിതെന്ന് ട്വിറ്ററില്‍ സൗദി പൗര പ്രമുഖരുടെ കാംപയിന് പറയുന്നു. ഫലസ്തീനിലെ കക്ഷികള്‍ ഭിന്നത മറന്ന് ഒന്നിച്ചാല്‍ സൗദി നേതൃത്വത്തില്‍ വിശാലമായ അറബ് ഐക്യത്തിനും വഴിയൊരുങ്ങും.

