ഇസ്രായേല്‍-ഫലസ്തീന് പ്രശ്നം: മധ്യസ്ഥത വഹിക്കാന്‍ ചൈന

ബെയ്ജിങ്: ഇസ്രായേല്‍-ഫലസ്തീന് പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനവുമായി ചൈന രംഗത്ത്. ഇക്കാര്യം ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരെ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് അറിയിച്ചു.ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തില്‍ ചൈനക്ക് അങ്ങേയറ്റം ആശങ്കയുണ്ടെന്നും സമാധാന സംഭാഷണം പുനരാരംഭിക്കുന്നതിന് പിന്തുണ നല്കാന് തയാറാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മധ്യപൂര്‍വ ദേശത്ത് സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ സമീപകാലത്ത് ഊര്‍ജിതമാണ്. 2016ല്‍ വിച്ഛേദിച്ച നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ കഴിഞ്ഞ മാസം സൗദി അറേബ്യയും ഇറാനും തീരുമാനിച്ചത് ചൈനയുടെ നയതന്ത്ര ദൗത്യത്തിന്റെ വിജയമായിരുന്നു. തര്‍ക്കങ്ങള്‍ സംഭാഷണത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൗദി അറേബ്യയും ഇറാനുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഏലി കോഹനുമായുള്ള ചര്‍ച്ചയില്‍ ക്വിന്‍ ഗാങ് പറഞ്ഞതായി പ്രസ്താവനയില്‍ വ്യക്തമാക്കി.
സമാധാന സംഭാഷണം പുനരാരംഭിക്കുന്നതിനുള്ള രാഷ്ട്രീയ ധീരത ഇസ്രായേലും ഫലസ്തീനും കാണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതിനുള്ള സൗകര്യമൊരുക്കാന്‍ ചൈന തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അറിയിച്ച കോഹന് ഹ്രസ്വകാലംകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല വിഷയമെന്ന് അഭിപ്രായപ്പെട്ടതായും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, റമദാന്റെ അവസാന നാളുകളില്‍ ഉള്‍പ്പെടെ ടെംപ്ള്‍ മൗണ്ടില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇരു വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച ചെയ്തതായും ഫലസ്തീനുമായുള്ള സമാധാന സംഭാഷണത്തെക്കുറിച്ച് പരാമര്‍ശമുണ്ടായില്ലെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയിലുള്ള ആശങ്ക കോഹന് അറിയിച്ചതായും ആണവായുധങ്ങള്‍ നേടുന്നതില്‍നിന്ന് തെഹ്റാനെ തടയണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായും പ്രസ്താവനയില്‍ വ്യക്തമാക്കി.സംഭാഷണം പുനരാരംഭിക്കുന്നതില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ചൈന തയാറാണെന്ന് ഫലസ്തീന് ഫലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികിയെയും ചൈന അറിയിച്ചു.

