KSDLIVENEWS

Real news for everyone

കേരളത്തില്‍നിന്ന് ഒരുസീറ്റും കിട്ടില്ലെന്ന് മോദിക്കുതന്നെ അറിയാം, ആവേശം മുരളീധരന് മാത്രം- ഗോവിന്ദന്‍

SHARE THIS ON

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് പച്ച കള്ളം തട്ടിവിടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മോദിക്ക് തന്നെ അറിയാം കേരളത്തില്‍ നിന്ന് ഒന്നും ലഭിക്കില്ലെന്ന്, അദ്ദേഹത്തിനില്ലാത്ത ആവേശമായിരുന്നു പ്രസംഗം തര്‍ജിമ ചെയ്ത മന്ത്രി വി.മുരളീധരനെന്നും ഗോവിന്ദന്‍ പരിഹസിച്ചു. ‘കേരളത്തില്‍ എപ്പോള്‍ അധികാരത്തില്‍ വരുമെന്നോ ഇത്ര സീറ്റ് നേടുമെന്നോ പ്രധാനമന്ത്രി പറയാതിരുന്നത് മനഃപൂര്‍വ്വമാണ്. ട്രാന്‍സ്ലേഷന്‍ നടത്തുന്ന മുരളീധരന്‍ മന്ത്രിക്ക് മാത്രമാണ് ആവേശം. പ്രധാനമന്ത്രി അത്ര ആവേശത്തിലായിരുന്നില്ല. ഞങ്ങള്‍ അടുത്ത തവണ പാര്‍ലമെന്റില്‍ ഇത്ര സീറ്റില്‍ ജയിക്കുമെന്ന നിയമസഭയില്‍ ജയിക്കുമെന്നോ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നോ മോദി പറഞ്ഞില്ല. കാരണം മോദിക്കറിയാം അതൊന്നും നടക്കില്ലെന്ന്’ ഗോവിന്ദന്‍. എ.കെ.ജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. കേരളത്തിന് എയിംസും റെയില്‍വേ സോണും അനുവദിക്കുമെന്ന് പറഞ്ഞ് തീരുമാനിച്ചതാണ്. ഒരു കാര്യവും നടന്നിട്ടില്ല. ദേശീയ പാതാ വികസനം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ട് മാത്രം നടപ്പാകുന്നതാണ്. ഇന്ത്യയില്‍ കേരളമൊഴികെ മറ്റൊരു സംസ്ഥാനവും ദേശീയപാത വികസനത്തിന് പണം നല്‍കിയിട്ടില്ല. 52,17,642 പേര്‍ക്കാണ് കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ കേന്ദ്ര സഹായം ലഭിക്കുന്നത് 6,88,329 പേര്‍ക്കാണ്. എന്നിട്ടാണ് കേരളത്തിലെ മുഴുവന്‍ ക്ഷേമ പെന്‍ഷനും തങ്ങളാണ് കൊടുക്കുന്നതെന്ന് പറഞ്ഞ് ബിജെപിക്കാര്‍ വീമ്പിളക്കുന്നത്. അതില്‍ തന്നെ 500 മുതല്‍ 200 വരെയാണ് കേന്ദ്ര വിഹിതം. ഇതുപോലെ തന്നെയാണ് ഭവന നിര്‍മാണവും. പച്ചകള്ളം പ്രചരിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ പരിപാടി തന്നെ മാറ്റി. പ്രളയകാലത്ത് യുഎഇ നല്‍കാമെന്ന് അറിയിച്ച 700 കോടിയുടെ സഹായം കേന്ദ്രം തടഞ്ഞു. കേരളം മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് പിഎസ്‌സി വഴി തൊഴില്‍ നല്‍കി. കേന്ദ്രത്തില്‍ ലക്ഷ കണക്കിന് തൊഴിലുകള്‍ ഇല്ലാതാക്കിയിട്ട് ഒരു തൊഴില്‍ പോലും നഷ്ടമാകാത്ത സംസ്ഥാനത്ത് വന്നിട്ട് കള്ളം തട്ടിവിടുകയാണ്. സ്വര്‍ണം കടത്തുന്നവരേയും ആര്‍ക്കാണ് എത്തിച്ചതെന്നും കണ്ടെത്തേണ്ടതും കേന്ദ്ര ഏജന്‍സികളാണ്. അതിന്റെ പരാജയം മറയക്കാന്‍ കേരള സര്‍ക്കാരിന്റെ മേല്‍ ചാരിവെക്കേണ്ടതില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചുവെന്ന ശുദ്ധ അംസബന്ധമാണ് പ്രധാനമന്ത്രി വിളിച്ച് പറയുന്നത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ ഒരിടത്തും ബിജെപിക്ക് ഭൂരിപക്ഷമില്ല. വിരലിലെണ്ണാവുന്ന സീറ്റുകള്‍ നേടി പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച് ക്രിസ്ത്യന്‍ ജനവിഭാഗം ഞങ്ങള്‍ക്കൊപ്പമാണെന്ന് പ്രചരിപ്പിക്കുന്നു.ഒരു സാധാരണ ആര്‍എസ്എസുകാരനും ബിജെപിക്കാരനും സംസാരിക്കുന്നത് പോലെ ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വന്ദേഭാരത് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊടുക്കുന്നത് പോലെ കൊടുത്തു. അതിനപ്പുറത്തേക്ക് ഒരു പ്രധാന്യവുമില്ല. അതിന് എല്ലാ സംസ്ഥാനങ്ങളേലതും പോലെ സ്പീഡില്‍ കേരളത്തില്‍ ഓടാന്‍ കഴിയില്ല. അവിടെയാണ് കെ-റെയിലിന്റെ പ്രസക്തിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!