AIക്യാമറ: തട്ടിപ്പിന് പിന്നില്‍ കണ്ണൂരിലെ കറക്കുകമ്പനികള്‍, നോക്കുകൂലി കൂടുതല്‍ പ്രസാഡിയക്ക്-സതീശന്‍

കൊച്ചി: കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് തട്ടിപ്പിന് പിന്നിലെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രസാഡിയ എന്ന കമ്പനിയാണ് ഏറ്റവും കൂടുതല്‍ നോക്കുകൂലി വാങ്ങുന്നത്. രേഖകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എ.ഐ ക്യാമറ വാങ്ങുന്നത് സംബന്ധിച്ച ടെണ്ടര്‍ സുതാര്യമല്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ടെണ്ടറില്‍ നാല് കമ്പനികള്‍ പങ്കെടുത്തു. ഇതില്‍ ഗുജറാത്ത് ഇന്‍ഫോടെക് ലിമിറ്റഡെന്ന സ്ഥാപനം മതിയായ സാങ്കേതിക യോഗ്യത ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ടു. അവശേഷിച്ച മൂന്ന് കമ്പനികളില്‍ നിന്നും എസ്.ആര്‍.ഐ.ടിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. അശോക ബില്‍ഡ്കോണ്‍ ലിമിറ്റഡ് രണ്ടും അക്ഷര എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മൂന്നും സ്ഥാനത്തെത്തി. ഇതില്‍ അശോക ബില്‍ഡ്കോണ്‍ എന്ന കമ്പനിക്ക് സോഫ്ട് വെയറുമായോ ക്യാമറയുമായോ ബന്ധമില്ലെന്നു മാത്രമല്ല റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണെന്നാണ് അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. കെ- ഫോണില്‍ എസ്.ആര്‍.ഐ.ടി ഉപകരാര്‍ നല്‍കിയ കമ്പനി കൂടിയാണ് അശോക ബില്‍ഡ്കോണ്‍. അക്ഷര എന്റര്‍പ്രൈസസിനും എസ്.ആര്‍.ഐ.ടിയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. എസ്.ആര്‍.ഐ.ടിക്ക് ടെണ്ടര്‍ ലഭിക്കുന്നതിന് വേണ്ടി മറ്റ് രണ്ട് കമ്പനികളെ ഉപയോഗപ്പെടുത്തിയെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ടെണ്ടറില്‍ പങ്കെടുക്കാത്ത ടെക്നോപാര്‍ക്കിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെയും രണ്ട് കമ്പനികള്‍ എസ്.ആര്‍.ഐ.ടിയെ സാങ്കേതികമായി സഹായിക്കാമെന്ന അണ്ടര്‍ടേക്കിങ് കെല്‍ട്രോണിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ആര്‍.ഐ.ടി ഈ കരാര്‍ നേടിയെടുത്തത്

