നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത അഭിനയശൈലിയുടെ ഉടമ; മാമുക്കോയയേക്കുറിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടൻ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കിയെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളിൽ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരള സാംസ്കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളിൽ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവർത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാർത്ഥികൾക്കു മുന്നിൽ വിലപ്പെട്ട പാഠപുസ്തമായി മാറി. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു മലയാളി സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി മാമുക്കോയയുടെ വിയോഗം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

