മീൻ വന്നു തുടങ്ങിയതോടെ കോഴി ഇറച്ചി വില കുറയുന്നു; കാസർകോട് കുറഞ്ഞത് 36 രൂപ

കാസർകോട്: കോഴിവില കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കാസർകോട് 36 രൂപ കുറഞ്ഞു. ഇറച്ചി 264 രൂപയും കോഴി 144 രൂപയുമാണ് വില. നീലേശ്വരം മേഖലയിൽ 150 രൂപയാണ് കോഴിവില. ജൂലൈ 9ന് 180 രൂപയായിരുന്നു കാസർകോട് കോഴി വില. കഴിഞ്ഞ മാസം 155, ഏപ്രിൽ 130 രൂപ. കഴിഞ്ഞ വർഷം ജൂലൈ 140, ജൂൺ 120, ഏപ്രിൽ 110 എന്നിങ്ങനെയായിരുന്നു വില. കർണാടക, തമിഴ്നാട് വിപണി അടിസ്ഥാനമാക്കിയാണ് കേരളത്തിൽ വില ഈടാക്കുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ കോഴിത്തീറ്റ 50 കിലോഗ്രാമിനു 400 രൂപ കൂടിയത് ഉൽപാദന ചെലവ് കൂടാനും ഉൽപാദനം കുറയാനും ഇടയാക്കിയതായി വ്യാപാരികൾ പറയുന്നു.
വിപണിയിൽ ജില്ലയിൽ നിന്നു തന്നെ മത്തി, അയല, നത്തോലി തുടങ്ങിയവ വന്നു തുടങ്ങിയത് ഇറച്ചി വിപണിയിൽ വില കുറയാൻ ഇടയായി എന്നാണ് വ്യാപാരികൾ പറയുന്നത്. മീൻ വിലയിൽ വലിയ കുറവില്ല. ചെമ്മീൻ 230 രൂപ, മത്തി 300 രൂപ, അയല 250 രൂപ എന്നിങ്ങനെയാണ് വില.
പച്ചക്കറി വിപണിയിൽ ഉള്ളി, ഉണക്കു ഇഞ്ചി, ചേന വില കൂടി. 24 രൂപയുണ്ടായിരുന്ന ഉള്ളിക്കു 12 രൂപയാണ് കൂടിയത്. ഉള്ളി കൃഷി ചെയ്യുന്ന മഹാരാഷ്ട്രയിലെ മഴക്കാലമാണ് ഉള്ളിവില കൂട്ടാൻ ഇടയാക്കിയത്. ഉണക്ക ഇഞ്ചി വില 80 രൂപയാണ് കയറിയത്. 200 രൂപ ഉണ്ട് വില. ചേന 20 രൂപ കയറി 70 രൂപയായി. നേന്ത്രൻ 10 രൂപ കയറി 60 രൂപയായി. മറ്റു പല ഇനങ്ങൾക്കും ചിലത് ഒഴികെ സ്ഥിരം നിലവാരം തന്നെ. തക്കാളി വില 10 രൂപ കുറഞ്ഞു. ഇപ്പോൾ 20 രൂപയാണ് വില. പയർ 60, കാരറ്റ് 70, കാബേജ് 50, ഉരുളക്കിഴങ്ങ് 30, പച്ചമുളക് 50.00, ബീംസ് 50, കോവ 50, വെണ്ട 50, മുരിങ്ങ 80, വെള്ളരി, കുമ്പള, മത്തൻ 30 എന്നിങ്ങനെയാണ് വില. ഓണം വിപണിയിൽ വില കൂടാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

