അറബ് സോഷ്യല്‍ മീഡിയ അന്വേഷിച്ച നഗ്നപാദനായി തിരുസവിധത്തിലെത്തിയ വയോധികനെ കണ്ടെത്തി

മദീന: തിരുഹബീബിന്റെ ചാരത്തെത്തിയ നഗ്ന പാദനായ ആള് ആര്? ഒരാഴ്ചയായി അറബ് സോഷ്യല്‍ മീഡിയയിലെ അന്വേഷണമിതായിരുന്നു.
ഒടുവില്‍ ആ വയോധികനെ കണ്ടെത്തിയിരിക്കുകയാണ്. സഊദിയിലെ ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസ് റിപ്പോര്‍ട്ടറാണ് പാക്കിസ്താനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ നിന്ന് ആ വയോധികനെ കണ്ടെത്തിയത്. ആട്ടിടയനായ അബ്ദുള്‍ ഖാദര്‍ ബക്ഷി എന്നയാളാണ് ചെരുപ്പ് ധരിക്കാതെ മദീനയിലെത്തിയത്.
നഗ്നപാദനായി, വെള്ള തലപ്പാവും അതിന് മുകളില്‍ ഒരു തട്ടവുമിട്ട് കൈയില്‍ വടിയും പിടിച്ച് നിഷ്കളങ്കനായി മദീനയോട് വിടചൊല്ലുന്ന വയോധികനായ പ്രവാചക പ്രേമിയുടെ വീഡിയോയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകന് തുര്‍ക്കി അല്‍ ശൈഖ് “എങ്ങനെ ബന്ധപ്പെടണമെന്ന് ചോദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ അറബ് ലോകം ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഉംറ നിര്‍വഹിച്ച ശേഷമാണ് 82കാരനായ അബ്ദുള്‍ ഖാദര്‍ ബക്ഷി പ്രവാചക നഗരിയിലെത്തിയത്. മസ്ജിദുന്നബവിയുലൂടെ നടക്കുന്ന വീഡിയോ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകകൂടി ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. ഒരു മില്ല്യണിലധികം ആളുകളാണ് ഒരാഴ്ചക്കിടെ വീഡിയോ കണ്ടത്.
കൈയില്‍ വടിയേന്തയുള്ള കാഴ്ചനഷ്ടപ്പെട്ട ബക്ഷിന്റെ നടത്തം ഹൃദയഭേദക രംഗമായിരുന്നു. തിരിഞ്ഞും മറിഞ്ഞും ആരെയോ തിരയുന്നത് പോലെയാണ് അദ്ദേഹം പ്രവാചകനഗരിയില്‍ നിന്ന് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും പ്രശസ്ത ഇസ്ലാമിക വ്യക്തിത്വങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു സാമൂഹിക മാധ്യമ ചര്‍ച്ച. മദീനയിലെ ഇടനാഴിയിലൂടെ നടക്കുന്ന വീഡിയോകളും ചിത്രങ്ങളും അറബ് സി എന്‍ എന്‍ ചാനലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മദീനയില്‍ നിന്നും മക്കയില്‍ തിരിച്ചെത്തി വീണ്ടുമൊരു ഉംറ നിര്‍വഹിച്ചാണ് ശനിയാഴ്ച ബലൂചിസ്ഥാനിലെ ഗോത്ത് ഹാജി റഹീം ഗ്രാമത്തിലെ വീട്ടിലേക്ക് അദ്ദേഹം മടങ്ങിയത്. പ്രായമേറെയായിട്ടും ദാരിദ്ര്യത്തിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. എങ്കിലും പുണ്യ ഭൂമിയിലെത്താന്‍ കഴിഞ്ഞ 15 വര്‍ഷമായിപണം സ്വരൂപിക്കുകയായിരുന്നു. കുറച്ച് ആടുകളെ വിറ്റാണ് സ്വപ്നം സാക്ഷാത്കരിച്ചത്.
‘അല്ലാഹുവേ, എനിക്ക് ഈ സ്ഥലം അറിയില്ല, അതിനാല്‍ നീയാണ് എന്റെ വഴികാട്ടി, എനിക്ക് സഹായത്തിന് ആരുമില്ല, ഞാന്‍ ആരോഗ്യവാനല്ലെങ്കില്‍, ഈ സ്ഥലം എനിക്ക് നല്ലതാണ്, ഞാന്‍ കൂടുതല്‍ അറിവ് ഉള്ള ആളല്ല, കാഴ്ചശക്തി കുറവാണ്, നീ എന്റെ ഏക വഴികാട്ടിയായതിനാല്‍ എന്നെ നയിക്കണേ എന്നായിരുന്നു കഅ്ബയില്‍ വെച്ച് അദ്ദേഹം പ്രാര്‍ഥിച്ചത്. ഇതിന് ഉത്തരം ലഭിച്ചുവെന്നും ചുറ്റിനടന്നുവെന്നും അദ്ദേഹം പറഞ്ഞു.

