KSDLIVENEWS

Real news for everyone

BCCI യാത്രകളില്‍ പരസ്ത്രീ ബന്ധം, സ്ത്രീധനമാവശ്യപ്പെട്ട് പീഡനം’;ഷമിക്കെതിരേ ഭാര്യ സുപ്രീംകോടതിയില്‍

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍. ഷമിക്കെതിരേ ലോക്കല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കംചെയ്യണമെന്ന ഹര്‍ജി തള്ളിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരേയാണ് ഹസിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കൊല്‍ക്കത്തയിലെ സെഷന്‍സ് കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും ബി.സി.സി.ഐ. യാത്രകളില്‍ ബി.സി.സി.ഐ. അനുവദിക്കുന്ന ഹോട്ടല്‍ മുറികളില്‍വെച്ച് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഹസിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇത് ഇപ്പോഴും തുടരുന്നു. ഇതുസംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ ഉപദ്രവിച്ചെന്നും ഹര്‍ജിയിലുണ്ട്. ഷമി നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഓഗസ്റ്റ് 19-ന് അലിപ്പോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷമി 2019 സെപ്റ്റംബര്‍ ഒന്‍പതിന് ഇതിനെതിരേ സെഷന്‍സ് കോടതിയില്‍ പോയി. സെഷന്‍സ് കോടതി അറസ്റ്റ് വാറണ്ട് സ്‌റ്റേ ചെയ്തു. തുടര്‍ന്ന് ഹസിന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തിനു മുന്നില്‍ സെലിബ്രിറ്റിയാണെന്ന പരിഗണനയുണ്ടാവരുത്. കഴിഞ്ഞ നാലുവര്‍ഷമായി കേസില്‍ വിചാരണ നടക്കുന്നില്ല. സ്റ്റേ തുടരുകയാണെന്നും ഹസിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ ദീപക് പ്രകാശ്, നചികേത വാജ്‌പേയ്, ദിവ്യാങ്കണ മാലിക് വാജ്‌പേയ് എന്നീ അഭിഭാഷകര്‍ മുഖേനയാണ് ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി മിന്നും ഫോമിലാണ് മുഹമ്മദ് ഷമി. ഒന്‍പത് കളികളില്‍ നിന്നായി 17 വിക്കറ്റുകള്‍ പിഴുത താരം നിലവില്‍ വിക്കറ്റുവേട്ടക്കാരില്‍ ഒന്നാമതായി നിലകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!