KSDLIVENEWS

Real news for everyone

പൂച്ചക്കാട് സ്വർണ കവർച്ച; കേസിൽ വഴിത്തിരിവ്; പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത് ഹവായ് ചെരിപ്പ്

SHARE THIS ON

കാഞ്ഞങ്ങാട്: പൂച്ചക്കാട് അരക്കോടിയുടെ സ്വർണ കവർച്ച കേസിൽ പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത് ഹവായ് ചെരിപ്പ്. കവർച്ച നടന്ന പ്രവാസി അബ്ദുൽ മജീദിന്‍റെ അരയാൽ തറയിലെ വീട്ടുപരിസരത്തുനിന്ന് പരിശോധനക്കിടെ പൊലീസിന് ഒരു ഹവായ് ചെരിപ്പ് ലഭിച്ചിരുന്നു. വീട്ടുകാരുടേതല്ലാത്ത ഈ ചെരിപ്പ് മോഷ്ടാവിൽനിന്ന് നഷ്ടപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിച്ചു. പുതുതായി രംഗത്തിറങ്ങിയ കള്ളന്മാർ ഹവായ് ചെരിപ്പ് ധരിക്കാറില്ലെന്നറിയുന്ന പൊലീസ് പഴയ കള്ളന്മാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

പൊലീസിന്‍റെ ലിസ്റ്റിലുള്ള കള്ളന്മാരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഷൊർണൂർ പൊലീസ് മറ്റൊരു കേസിൽ പ്രതിയെ പിടികൂടിയത്. ഈ കേസിൽ റിമാൻഡിലുള്ള പ്രതി മേട്ടുപ്പാളയം സ്വദേശി രാജനെ (63) കോടതി വഴി കസ്റ്റഡിയിലെടുത്ത് പൂച്ചക്കാട്ടത്തിക്കും. തുടർന്ന് 45 പവനും അരലക്ഷം രൂപയും കണ്ടെത്തും. ബേക്കൽ ഡിവൈ.എസ്.പി എം.പി. ആസാദ്, എ.എസ്. പി , എസ്.ഐ അഖിൽ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു
ഷൊർണ്ണൂർ കോടതി റിമാൻഡ് ചെയ്ത പ്രതി രാജനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ബേക്കൽ പൊലീസ് കോടതിയിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കവർച്ച സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും കവർച്ചാമുതലുകൾ കണ്ടെടുക്കാനുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കവർച്ചയുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. ഷൊർണൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് കവർച്ചയുമായി ബന്ധപ്പെട്ട കേസിലാണ് രാജനെ ഷൊർണൂർ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നത്. ചോദ്യം ചെയ്യലിലാണ് പൂച്ചക്കാട് കവർച്ചയെക്കുറിച്ച് വിവരം ലഭിച്ചത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് ഷൊർണൂരിലെത്തി. പ്രതി രാജൻ നയിച്ചിരുന്നത് ആർഭാട ജീവിതമായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.

കവർച്ച നടന്നയുടൻ തമിഴ് നാട്ടിലോ, കർണാടകയിലോ എത്തിയാണ് ആർഭാട ജീവിതം നയിച്ചിരുന്നത്. കേരളം, കർണാടക സംസ്ഥാനങ്ങളിലായി മുപ്പതോളം കവർച്ചാ കേസുകളിൽ പ്രതിയായ രാജൻ പൊലീസിന്‍റെ നോട്ടപ്പുള്ളിയാണ്. ജയിലിൽനിന്ന് ഇറങ്ങിയാൽ എവിടെയെങ്കിലും കവർച്ച നടത്തുകയാണ് പതിവ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ രാജനെ കണ്ടെത്തുകയെന്നതും പ്രയാസകരമാണ്.

പിക്കാസ് ഉപയോഗിച്ച് ഏതു വാതിലും പ്രതി നിഷ്പ്രയാസം തുറക്കും. പൂട്ട് തകർക്കുന്നതിനുപകരം വാതിൽ തന്നെ തകർക്കുകയാണ് പ്രതിയുടെ രീതി. ഇതേ പിക്കാസ് തന്നെയായിരിക്കും അലമാരകൾ തുറക്കാനും ഉപയോഗിക്കുക. വാതിലും അലമാരയും തകർക്കുമ്പോൾ ശബ്ദമുണ്ടാക്കാതിരിക്കാനുള്ള പ്രത്യേക കഴിവും പ്രതിക്കുണ്ട്. പൂച്ചക്കാട് അരയാൽത്തറയിലെ വീട് കവർച്ച ചെയ്തതും വാതിൽ തകർത്തായിരുന്നു. പിക്കാസ് ഉപയോഗിച്ചാണ് വാതിൽ തകർത്തത്. കവർച്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 10നാണ് അരയാൽത്തറയിലെ അബ്ദുൽ മജീദിന്‍റെ പുട്ടിയിട്ട വീട്ടിൽ കവർച്ച നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!