താനൂര്‍ ബോട്ടപകടം; ബോട്ടിന് രജിസ്ട്രേഷൻ പോലും ഉണ്ടായിരുന്നില്ല ടൂറിസം വകുപ്പും മന്ത്രിയുമാണ് പ്രധാന ഉത്തരവാദികളെന്ന് സുധാകരന്

കൊഴിക്കോട്: ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും താനൂര്‍ ബോട്ടപകടത്തിന് കാരണമായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്.ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്റെ പ്രധാന ഉത്തരവാദികളെന്ന് സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചു.
കെ.സുധാകരന്റെ കുറിപ്പ്
താനൂരില്‍ നിന്നുള്ള ബോട്ടപകടത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ഹൃദയം നുറുങ്ങി പോകുന്ന വേദനയാണ് തോന്നിയത്. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. നമ്മെ വിട്ടുപിരിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍. അവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഈ വിയോഗങ്ങള്‍ താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയില്‍ അല്ല താനൂര്‍ സംഭവത്തെ കാണേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളം ബീച്ചുകളില്‍ സാഹസികമായ ബോട്ട് യാത്രകള്‍ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങള്‍ നടത്തപ്പെടുന്നത്. അത്തരത്തില്‍ അനധികൃതമായി നടത്തിയ ഒരു ബോട്ട് സര്‍വീസ് ആണ് ഇന്നലെ ദുരന്തത്തില്‍ കലാശിച്ചത്. ഇതിനെ വെറും ബോട്ട് അപകടം എന്ന് കരുതി തള്ളിക്കളയാന്‍ ആവില്ല . ഭരണകൂടം “സ്പോണ്സര് ചെയ്ത കൂട്ടക്കൊല ” യ്ക്ക് തുല്യമാണ് ഇന്നലെ നടന്ന ബോട്ടപകടത്തിലെ ദാരുണ മരണങ്ങള്. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്റെ പ്രധാന ഉത്തരവാദികള്‍ . എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകള്‍ ജനങ്ങളുടെ ജീവന് പന്താടിക്കൊണ്ട് യാത്രകള്‍ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണം.
രാഷ്ട്രീയ ധാര്‍മികത എന്നത് സി.പി.എമ്മിന്റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്തതുകൊണ്ട് ഈ ദുരന്തത്തില്‍ ടൂറിസം മന്ത്രിയുടെ രാജി ഒന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. പക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത 22 ജീവനുകള്‍ എടുത്ത കാര്യം പ്രബുദ്ധ കേരളം കണ്ണു തുറന്നു കാണണം. താനൂര്‍ ബോട്ട് അപകടത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകളില്‍ ശക്തമായ നടപടികള്‍ എടുക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് തന്നെ സര്‍ക്കാര്‍ നല്‍കണം.

