താനൂര്‍ ദുരന്തം: മുന്‍കൂര്‍ജാമ്യത്തിന് ബോട്ട് ഉടമയുടെ ശ്രമം? കാര്‍ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ടിന്റെ ഉടമ നാസറിന്റെ കാര്‍ പോലീസ് കസ്റ്റഡിയില്‍. നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. എന്നാല്‍ നാസര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ നാസറിനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തു. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നെത്തുന്ന പോലീസിനെ കബളിപ്പിക്കുകയായിരുന്നോ ഇയാളുടെ ലക്ഷ്യം എന്ന് സംശയിക്കുന്നു. നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നേടാനുള്ള നീക്കമാണ് നാസര്‍ നടത്തുന്നതെന്നാണ് വിവരം. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ബോട്ടില്‍ വേണ്ടത്ര സുരക്ഷാസംവിധാനമില്ലായിരുന്നുവെന്നും മത്സ്യബന്ധന ബോട്ട് രൂപാന്തരപ്പെടുത്തി ഉല്ലാസയാത്രാ സര്‍വീസ് നടത്തി, ലൈസന്‍സില്ലാതെ ബോട്ട് സര്‍വീസ് നടത്തി തുടങ്ങി നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്

