KSDLIVENEWS

Real news for everyone

ചോരവാര്‍ന്ന കൈകൊണ്ട് റഷീദ് കോരിയെടുത്തത് 7 പേരെ; മരിച്ചത് ബന്ധുക്കളെന്നറിഞ്ഞത് നേരംപുലര്‍ന്നപ്പോള്‍

SHARE THIS ON

താനൂര്‍: ബോട്ടപകടത്തില്‍പ്പെട്ട് ആളുകള്‍ നിലവിളി കൂട്ടുമ്പോള്‍ പരപ്പനങ്ങാടിക്കാരനായ കുന്നുമ്മല്‍ റഷീദിന് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല . നീന്തിപ്പോയി ബോട്ടില്‍ കയറി രക്ഷ പ്രവര്‍ത്തനം നടത്താന്‍ തുനിഞ്ഞപ്പോള്‍ തടസ്സമായി നിന്നത് അടച്ചിട്ട ചില്ലുജനവാതിലുകളായിരുന്നു. തനിക്കു പറ്റുംവിധം മനുഷ്യരെ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ റഷീദോര്‍ത്തിട്ട് ഒരു വഴിയേ മുന്നില്‍ തെളിഞ്ഞുള്ളൂ. അങ്ങനെയാണ് ബോട്ടിന്റെ കടുപ്പമേറിയ ജനാലച്ചില്ലുകള്‍ സ്വന്തം കൈകൊണ്ട് റഷീദ് ഇടിച്ചു പൊട്ടിക്കുന്നത്. ചില്ല് കൈകൊണ്ട് തകര്‍ത്ത് ആദ്യത്തെയാളെ രക്ഷിക്കുമ്പോള്‍ അയാള്‍ക്ക് ചൂടുണ്ടായിരുന്നെന്ന് പറയുന്നു റഷീദ്. പക്ഷെ അതിലൂടെ പുറത്തെത്തിച്ചവര്‍ക്ക് ചില്ല് തറച്ചു ശരീരത്തില്‍ മുറിവേറ്റു തുടര്‍ന്നാണ് മറ്റൊരു ചില്ല് പൊട്ടിക്കുന്നത്. പല രീതിയില്‍ പൊട്ടിക്കാന്‍ ശ്രമിച്ചപ്പോഴും നടന്നില്ല. അങ്ങനെയാണ് സ്വന്തം കൈകൊണ്ട് പഞ്ച് ചെയ്തതെന്ന് റഷീദ് പറയുന്നു. ‘മുറിഞ്ഞ കൈയ്യുമായാണ് രണ്ട് മണിക്കൂറോളം ഞാന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതിനിടയില്‍ സ്വന്തം കൈയ്യില്‍ നിന്ന് ചോര പോകുന്നതൊന്നും അത്ര ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് ശരീരത്തില്‍ തണുപ്പ് കയറിയപ്പോള്‍ തല കറങ്ങി’, താന്‍ ചെയ്ത വലിയ കര്‍മ്മത്തിന്റെ മഹത്വമറിയാതെ റഷീദ് നിസ്സാരമായി പറഞ്ഞുവെച്ചു. കൈ മുറിഞ്ഞ് ചോര ഒഴുകുമ്പോള്‍ സ്വന്തം ഷര്‍ട്ടഴിച്ച് മുറിവുകെട്ടിയാണ് റഷീദ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. 0 seconds of 1 minute, 44 seconds   എങ്ങനെയെങ്കിലും ഉള്ളില്‍ കടക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനാലാണ് ചില്ല് കൈകൊണ്ട് കുത്തിപ്പൊട്ടിക്കുന്നത്. കുപ്പിച്ചില്ല് കയറി കൈക്കും മാത്രമല്ല റഷീദിന്റെ കാലിനും പരിക്കേറ്റിരുന്നു. പിന്നീട് നാട്ടുകാരെല്ലാം ചേര്‍ന്ന് റഷീദിനെ ആശുപത്രിയിലാക്കുകയായിരുന്നു. എന്നാല്‍ രാവിലെ ബോധം വന്നപ്പോഴാണ് മരിച്ചത് തന്റെ ബന്ധുക്കളാണെന്ന വിവരം റഷീദറിയുന്നത്. രക്ഷാപ്രവർത്തനത്തിനിറങ്ങുമ്പോള്‍ ബോട്ടില്‍ ബന്ധുക്കളുള്ള കാര്യം റഷീദ് അറിഞ്ഞിരുന്നില്ല. ചോര വാര്‍ന്ന ആ കൈകളിലൂടെ റഷീദ് കോരിയെടുത്തത് ഏഴ്‌ പേരെയാണ്. ബോധം വന്നപ്പോഴാണ് മരിച്ചത് തന്റെ ബന്ധുക്കളാണെന്നറിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!