കർണാടകയിൽ തൂക്കുസഭയെന്ന് എക്സിറ്റ് പോളുകൾ; നേരിയ മുൻതൂക്കം കോൺഗ്രസിന്, ജെഡിഎസ് നിർണായകം

ബെംഗളുരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമെന്ന സൂചന നൽകി എക്സിറ്റ് പോളുകൾ. ഭരണം നിലനിർത്താനായി പോരാടുന്ന ബിജെപിക്കും ഭരണം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനും വ്യക്തമായ മേധാവിത്തമില്ലെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. മിക്ക എക്സിറ്റ് പോളുകളും തൂക്കുസഭയാണ് പ്രവചിക്കുന്നതെങ്കിലും, അവയിൽ ഭൂരിഭാഗവും കോൺഗ്രസിന് നേരിയ മുൻതൂക്കം നൽകുന്നു. എച്ച്.ഡി.കുമാരസ്വാമിയുടെ ജനതാ ദൾ സെക്യുലർ (ജെഡിഎസ്) കിങ്മേക്കറാകുമെന്ന സൂചനകളും എക്സിറ്റ് പോളുകൾ നൽകുന്നു. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
∙ റിപ്പബ്ലിക് ടിവി – പി മാർക്: ബിജെപി: 85–100, കോൺ: 94–108, ജെഡിഎസ്: 24–32, മറ്റുള്ളവർ: 2–6https://www.youtube.com/embed/4MiaAsinpRE#amp=1
∙ സീന്യൂസ്–മാട്രിസ്: ബിജെപി: 79–94, കോൺ– 103–118, ജെഡിഎസ്– 25–33, മറ്റുള്ളവർ: 2–5
∙ സുവർണ: ബിജെപി: 94–117, കോൺ: 91–106, ജെഡിഎസ്– 14–24
∙ ടിവി9– ഭാരത്വർഷ് – പോൾസ്ട്രാറ്റ്: ബിജെപി: 88–98, കോൺ: 99–100, ജെഡിഎസ്– 21–26, മറ്റുള്ളവർ: 0–4
∙ ന്യൂസ് നേഷൻ – സിജിഎസ്: ബിജെപി: 114, കോൺ: 86, ജെഡിഎസ്: 21
∙ എബിപി – സീ വോട്ടർ: ബിജെപി: 83–95, കോൺ: 100–112, ജെഡിഎസ്: 21–29, മറ്റുള്ളവർ: 2–6
∙ നവ്ഭാരത്: ബിജെപി: 78–92, കോൺ: 106–120, ജെഡിഎസ്: 20–26, മറ്റുള്ളവർ: 2–4https://players.brightcove.net/5574321162001/SkWtgJFgRb_default/index.html?amp=1&videoId=6327147938112&playsinline=true
∙ ജൻകിബാത്ത്: ബിജെപി: 88–98, കോൺ: 99–109, ജെഡിഎസ്: 14–24, മറ്റുള്ളവർ: 2–4
കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിൽ വൈകിട്ട് അഞ്ച് മണി വരെ 65.69% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോൾ കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. നിർണായക ശക്തിയാകാൻ ആഗ്രഹിക്കുന്ന ജനതാദൾ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണൽ.
വോട്ടെടുപ്പിനു മുൻപേ പുറത്തു വന്ന പല അഭിപ്രായ സർവേകളും കോൺഗ്രസ് ഭരണം നേടുമെന്ന ജനവികാരമാണു പങ്കുവച്ചത്. ബിജെപി ചെറിയ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. സീന്യൂസ് അഭിപ്രായ സർവേ മാത്രമാണ് ബിജെപി ഭരണം നിലനിർത്തുമെന്ന വികാരം പങ്കിട്ടത്.

