മണിപ്പൂര്‍ ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം; കര്‍ഫ്യൂ ഇളവുകള്‍ റദ്ദാക്കി

മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ അനുവദിച്ച കര്‍ഫ്യൂ ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ക്രമസമാധാന നില ഉറപ്പ് വരുത്താൻ കൂടുതല്‍ സേനയെ മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ആണ് മണിപ്പൂരില്‍ മെയ്തെയ് – കുകി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നത്. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ് മേഖലയിലാണ് സംഘര്‍ഷം ആരംഭിച്ചത്. ആയുധധാരികളായ ഒരുകൂട്ടം യുവാക്കള്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ ആക്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. കുകി വിഭാഗത്തിലെ രണ്ട് വീടുകളും മെയ്തെയ് വിഭാഗത്തിലെ നാല് വീടുകളും സംഘര്‍ഷങ്ങള്‍ക്കിടയില്‍ അഗ്നിക്കിരയായി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ രാവിലെ 5 മുതല്‍ വൈകീട്ട് 4 വരെ അനുവദിച്ച കര്‍ഫ്യൂ ഇളവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. 80 കമ്ബനി അര്‍ധ സൈനിക വിഭാഗത്തിൻ്റെ സേവനമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലെ എട്ട് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇൻ്റര്‍നെറ്റ് നിരോധനം സര്‍ക്കാര്‍ നീട്ടിയേക്കും.

