KSDLIVENEWS

Real news for everyone

ബാലസോര്‍ ട്രെയിന്‍ അപകടം; സിഗ്നല്‍ ജൂനിയര്‍ എഞ്ചിനീയറുടെ വീട് സിബിഐ സീല്‍ ചെയ്തു

SHARE THIS ON

ഭോപ്പാല്‍: ബാലസോറിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബാലസോര്‍ സ്‌റ്റേഷനിലെ സിഗ്നല്‍ ജൂനിയര്‍ എഞ്ചിനീയറുടെ വീട് സിബിഐ സീല്‍ ചെയ്തു. ജൂണ്‍ 16ന് അന്വേഷണത്തിന് ശേഷം ബാലസോറില്‍ നിന്ന് പോയ സിബിഐ സംഘം തിങ്കളാഴ്ച പെട്ടെന്ന് തിരിച്ചെത്തിയാണ് സിഗ്‌നല്‍ ജെഇ കുടുംബത്തോടൊപ്പം നേരത്തേ താമസിച്ചിരുന്ന വാടക വീട് സീല്‍ ചെയ്തത്. ട്രെയിനപകടത്തിന് പിന്നാലെ ജെഇയും കുടുംബവും ഇവിടെ നിന്നും താമസം മാറിയിരുന്നു. ഒഡീഷയില്‍ ട്രെയിൻ അപകടത്തില്‍ ഇതുവരെ 292 യാത്രക്കാര്‍ മരിച്ചെന്നാണ് കണക്ക്. ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തെ തുടര്‍ന്ന് സിബിഐ നേരത്തെ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അപകടത്തിന് ശേഷം ഇലക്‌ട്രോണിക് ഇന്റര്‍ലോക്ക് സംവിധാനത്തില്‍ കൃത്രിമം നടന്നതാകാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണ ഏജൻസി കേസില്‍ ഇടപെട്ടത്. ട്രെയിനുകളുടെ വിവരങ്ങള്‍ നല്‍കുന്ന ഈ സംവിധാനത്തില്‍ അട്ടിമറി നടന്നതായും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സിബിഐ വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ ഇതിന്റെ ചുരുളഴിയാൻ റെയില്‍വേ സുരക്ഷയുടെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം ആവശ്യമായി വരുമെന്നാണ് അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചയുടൻ ‘ലോഗ് ബുക്കും’ ‘റിലേ പാനലും’ മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത് സിബിഐ സ്റ്റേഷൻ സീല്‍ ചെയ്തിരുന്നു. റിലേ ഇന്റര്‍ലോക്കിംഗ് പാനല്‍ സീല്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ സിഗ്‌നല്‍ സംവിധാനത്തിലേക്കുള്ള ഉദ്യോഗസ്ഥരുടെ പ്രവേശനം തടഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു പാസഞ്ചര്‍ ട്രെയിനോ ഗുഡ്സ് ട്രെയിനോ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ നിര്‍ത്തില്ലെന്നാണ് അറിയിപ്പ്. അപകടവുമായി ബന്ധപ്പെട്ട് ബഹ്നാഗ ബസാര്‍ സ്റ്റേഷൻ മാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് റെയില്‍വേ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് നാല് ജീവനക്കാര്‍ സിഗ്‌നലിങ്ങില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഈ മാസം ആദ്യം അപകടസമയത്ത് ഡ്യൂട്ടിയിലായിരുന്നുവെന്നും വിവരമുണ്ട്. അഞ്ച് ജീവനക്കാരും നിലവില്‍ ജോലിയിലാണെന്നും റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ (സിആര്‍എസ്) തയ്യാറാക്കുന്ന അപകട അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും ഭാവി നടപടികളെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!