KSDLIVENEWS

Real news for everyone

വിജയലഹരിയിൽ പരിസരബോധം മറന്നു, അനൗചിത്യമുണ്ടായെങ്കിൽ പൊറുക്കണം; ആലിംഗനശ്രമവിവാദത്തിൽ ചെറിയാൻ ഫിലിപ്പ്

SHARE THIS ON

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാഭവനിലെത്തിയ കോൺഗ്രസിന്റെ വനിതാജനപ്രതിനിധിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.

ചെറിയാൻ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം.

പിതൃനിർവിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും,തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചു.

അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!