മീനിനു തീവില; മെനുവിൽ നിന്ന് മീനൊഴിവാക്കി ഹോട്ടലുകൾ

കാസർകോട് ∙ ഊണിനെന്താ സ്പെഷൽ എന്നു ചോദിച്ചാൽ ഹോട്ടലുകളിൽ ഇപ്പോൾ മീൻ വിഭവങ്ങളുടെ പേര് കേൾക്കുന്നതു കുറവ്. ട്രോളിങ് നിരോധനവും മീനിന്റെ വിലക്കൂടുതലും കാരണം ഹോട്ടലുകളിൽ നിന്ന് മീൻ വിഭവങ്ങൾ കുറഞ്ഞു തുടങ്ങി. ഹോട്ടലുകളിലെ ബോർഡുകളിൽ ഉച്ചയ്ക്ക് ഓരോ ദിവസത്തെയും സ്പെഷലുകൾ എഴുതിയിരുന്ന ബോർഡുകൾ മിക്കവയും കാലിയാണ്. ചെമ്മീനും കൂന്തലും മാത്രമാണു പലയിടത്തുമുള്ളത്. ചുരുങ്ങിയ തോതിൽ അയലയും വാങ്ങുന്നുണ്ട്. പക്ഷേ വിപണിയിൽ നിന്നു വാങ്ങുന്ന വിലയിൽ നിന്നു ലാഭമുണ്ടാകണമെങ്കിൽ ഹോട്ടലിലെ നിരക്ക് വളരെ കൂടുതലായി ഉയർത്തണമെന്ന അവസ്ഥയാണെന്ന് ഹോട്ടലുടമകൾ പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസം മുതൽ മടക്കര ഭാഗത്തു വള്ളക്കാർക്കു ധാരാളമായി മത്തി ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വലിയ വള്ളങ്ങൾക്ക് 2 ലക്ഷം മുതൽ 2.5 ലക്ഷം വരെ രൂപയുടെ മത്തി ലഭിച്ചു. ചെറിയ വള്ളങ്ങൾക്ക് 15,000 രൂപ മുതൽ 20,000 രൂപ വരെ വിലയ്ക്കും മത്തി ലഭിച്ചു. വലിയ വള്ളങ്ങളിൽ 35 ഓളം തൊഴിലാളികളാണ് ഉണ്ടാക്കുക. ചെറിയതിൽ 10 വരെയും. കഴിഞ്ഞ ദിവസം മത്തി വില വളരെ താഴ്ന്നിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ വില കൂടി.
ഇന്നലത്തെ വില
അയല – 250, മത്തി -200, ചെമ്മീൻ പൂവാലൻ-300, കൂന്തൽ – 300, പുതിയാപ്ല (കിളിമീൻ) വലുത് – 400, ചെറുത് – 250
വിപണിയിലെ വിലക്കയറ്റം വലിയ പ്രശ്നമാണ്. സർക്കാർ അടിയന്തരമായി ഇടപെടണം. കഴിഞ്ഞ ദിവസം മത്തിക്ക് കിലോയ്ക്ക് വില 260 രൂപയായി ഉയർന്നിരുന്നു. അതായത് ഒരു മത്തിയുടെ വില 14.60 രൂപ. ചെറിയ ഹോട്ടലുകളിൽ ഒരു മത്തിക്ക് 15 രൂപയാണ് ഈടാക്കിയിരുന്നത്. ഹോട്ടലിൽ മീൻ വിറ്റു ചെറിയ ലാഭമുണ്ടാകണമെങ്കിൽ തന്നെ നിരക്കു വലിയ തോതിൽ വർധിപ്പിക്കേണ്ട അവസ്ഥ. ഇതു ഭക്ഷണം വാങ്ങാനെത്തുന്നവർക്കും പ്രയാസമുണ്ടാക്കും.- നാരായണ പൂജാരി, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോ. ജില്ലാ സെക്രട്ടറി
വിപണിയിൽ ഇപ്പോൾ മത്സ്യങ്ങളുടെ വരവ് കുറവാണ്. കിട്ടുന്നവയ്ക്കാകട്ടെ വൻ വില നൽകേണ്ട സ്ഥിതിയും. ഉയർന്ന വില കൊടുത്ത് മത്സ്യങ്ങൾ വാങ്ങിയാലും മലയോരത്തെ ഹോട്ടലുകളിൽ അതിനനുസരിച്ചു വില കൂട്ടി വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുകൊണ്ടുതന്നെ ഹോട്ടൽ ഉടമകൾക്കു നഷ്ടം മാത്രമാണ്. കോഴിയിറച്ചിക്കും ഇപ്പോൾ ഉയർന്ന വില നൽകണം.- പ്രദീപ് ചെറുവാട്ടിൽ, ഫുഡ്കോർട്ട് ഹോട്ടൽ ചിറ്റാരിക്കാൽ.

