KSDLIVENEWS

Real news for everyone

ഏക സിവില്‍ കോഡ്: സമസ്ത സി.പി.എം സെമിനാറില്‍ പങ്കെടുക്കും; പ്രധാനമന്ത്രിയെ കാണാനും തീരുമാനം

SHARE THIS ON

കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.എം. നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചത് പോലെ ഏക സിവില്‍ കോഡിലും സി.പി.എമ്മുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കും. എല്ലാ പൊതുസ്വഭാവമുള്ള പരിപാടികളിലും വിഷയത്തില്‍ സമസ്ത സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അദ്ദേഹത്തിന് നേരിട്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച സമസ്തയുടെ പ്രത്യേക കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം. ഏക സിവില്‍ കോഡ് മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. സിവില്‍ കോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഭരണാധികാരികളില്‍നിന്ന് ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാന്‍ പാടില്ല. ഏത് നിയമവും ഭരണഘടനയ്ക്ക് അനുസൃതമാകണം. ഓരോ മതങ്ങള്‍ക്കും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സി.പി.എമ്മിന്റെ ദേശീയ സെമിനാറിന്റെ സംഘാടക സമിതിയില്‍ സമസ്തയുടെ പോഷകസംഘടനയായ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപ്പാറയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇത് സമസ്തയുടെ അറിവോടെയല്ലെന്നാണ് വിശദീകരണം. വൈസ് ചെയര്‍മാന്മാരുടെ പട്ടികയിലായിരുന്നു മുസ്തഫ മുണ്ടുപ്പാറ ഉള്‍പ്പെട്ടത്. ഇത് താന്‍ മാധ്യമവാര്‍ത്തകളിലൂടെയാണ് മാത്രമാണ്‌ അറിഞ്ഞതെന്നും തന്നോട് ഇക്കാര്യം ആരും അറിയിച്ചിരുന്നില്ലെന്നും മുസ്തഫ മുണ്ടുപ്പാറ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!