KSDLIVENEWS

Real news for everyone

എഞ്ചിന്‍ പ്രവര്‍ത്തിച്ചില്ല, വഴിയില്‍ കുടുങ്ങി വന്ദേ ഭാരത് എക്സ്‌പ്രസ്; കണ്ണൂരില്‍ പിടിച്ചിട്ടു, യാത്രക്കാര്‍ വലഞ്ഞു

SHARE THIS ON

കണ്ണൂര്‍: കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയില്‍ പിടിച്ചിട്ടു. ഒരു മണിക്കൂറിലേറെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിന്നീട് ഇവിടെ നിന്ന് പുറപ്പെട്ടെങ്കിലും അധികം വൈകാതെ വീണ്ടും പിടിച്ചിട്ടു. എഞ്ചിൻ തകരാറാണ് ട്രെയിൻ വഴിയില്‍ കുടുങ്ങാൻ കാരണമെന്നാണ് വിവരം. മുൻ മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുള്ള യാത്രക്കാര്‍ എസി പോലും ഇല്ലാതെ ട്രെയിനില്‍ ദുരിതം അനുഭവിക്കുകയാണ്. മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. ഇലക്‌ട്രിക് ഡോര്‍ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയില്‍വെ പറയുന്നത്. എന്നാല്‍ കംപ്രസര്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായി. എസി പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടി. വിമാന സമയം നോക്കി ട്രെയിനില്‍ കയറിയ ചിലര്‍ക്ക് വിമാനങ്ങള്‍ കിട്ടാത്ത സ്ഥിതിയായെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ട്രെയിനിനകത്ത് എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിമാനത്തില്‍ പോകാനായി ടിക്കറ്റെടുത്ത യാത്രക്കാര്‍ ഡോറിനടുത്ത് എന്ത് ചെയ്യുമെന്ന് അറിയാതെ പെട്ടിയും തൂക്കി നില്‍ക്കുകയാണ്. അവരോട് ഫറോക്കില്‍ നിര്‍ത്താമെന്ന് ടിടി പറഞ്ഞു. എന്നാല്‍ ട്രെയിൻ മുന്നോട്ട് പോയാലല്ലേ നിര്‍ത്താൻ പറ്റൂ എന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഒരു മണിക്കൂറും 40 മിനിറ്റും ട്രെയിൻ ആദ്യം പിടിച്ചിട്ടിരുന്നു. പിന്നീട് സാവധാനം വണ്ടി മുന്നോട്ട് നീങ്ങി. എന്നാല്‍ എസി പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് മുന്നോട്ട് മാറിയ ശേഷം വണ്ടി വീണ്ടും നിര്‍ത്തുകയായിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വെ. ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബില്‍ കാണാം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!