കണ്ണൂർ തോട്ടടയിലെ അപകടം: സാബിക് നാട്ടിലെത്തിയത് 4 ദിവസം മുൻപ്; മരണം സുഹൃത്തിന്റെ വീട്ടിൽ സാധനങ്ങൾ നൽകി മടങ്ങുമ്പോൾ

തോട്ടട: ചൊവ്വാഴ്ച പുലർച്ചെ 12.45-ന് ദേശീയപാതയിൽ തോട്ടട ടൗണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് ഞാന്നിക്കടവ് പീടികയിൽ വളപ്പിൽ ഹൗസിൽ പി.വി. അഹമ്മദ് സാബിക് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബന്ധുക്കൾ മൃതദേഹംതിരിച്ചറിഞ്ഞത്. ഓമാനിൽ മൊബൈൽക്കടയിൽ ജോലിചെയ്യുന്ന സാബിക് മൂന്നുദിവസം മുൻപാണ് നാട്ടിലെത്തിയത്. കൊച്ചിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നൽകാനുള്ള സാധനങ്ങളുമായി തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട്ടുനിന്ന് യാത്രതിരിച്ചതായിരുന്നു. ഞാണിക്കടവ് മയ്യത്ത് റോഡിലെ എം. മുഹമ്മദ് കുഞ്ഞിയുടെയും പി.വി. ഖദീജയുടെയും മകനാണ്. സഹോദരിമാർ: ഫാത്തിമ, ഹാജിറ. ഞാണിക്കടവ് ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കി. സാബിത്തിന്റെ ശരീരം ബസ്സിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ നാലുപേർ ചാല ആസ്റ്റർ മിംസ് ആസ്പത്രിയിലെ അത്യാഹിതവിഭാഗത്തിലാണ്. പത്തനംതിട്ട അഡൂർ സ്വദേശി ആഷിക് മുഹമ്മദ് (28), കണ്ണൂർ സ്വദേശി മിഥുൻ (33), അബിൻ (28), കോറോത്തെ ലീന (48) എന്നിവരാണിവർ. കല്ലട ട്രാൻസ്പോർട്ടിന്റെ എ.ആർ. ഒന്ന് ജെ. 5232 നമ്പർ ബസ്സും മത്സ്യം കയറ്റി തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന എ.പി. 39 ഡബ്ല്യു മിനി കൺടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അപകടസമയത്ത് നല്ല മഴയുണ്ടായിരുന്നു. നിരീക്ഷണക്യാമറാദൃശ്യങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ കാഞ്ഞങ്ങാട് സ്വദേശി സന്തോഷിന്റെ പേരിൽ എടക്കാട് പോലീസ് കേസെടുത്തു. കൺടെയ്നർ ലോറിയിലുള്ളവർ ഓടിപ്പോയതായി സംശയിക്കുന്നു. ആന്ധ്ര രജിസ്ട്രേഷനുള്ള ലോറിയെപ്പറ്റി അന്വേഷണം തുടരുകയാണെന്ന് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ല്യാടൻ അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

