പുഴുവരിച്ച ചിക്കൻ വിതരണം ചെയ്തെന്ന് പരാതി; പൊലീസ് അടപ്പിച്ച ഹോട്ടലിൽ പരിശോധന നടത്തി

മാലക്കല്ല് ; പുഴുവരിച്ച ചിക്കൻ വിതരണം ചെയ്തെന്ന പരാതിയിൽ രാജപുരം പൊലീസ് എത്തി അടപ്പിച്ച മാലക്കല്ലിലെ ബിഗസ്റ്റ് ഫാമിലി റസ്റ്ററന്റ് ആൻഡ് കൂൾബാർ എന്ന സ്ഥാപനത്തിൽ ഇന്നലെ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി.
പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണത്തിന്റെ സാംപിൾ കോഴിക്കോട്ടെ റീജനൽ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്കയച്ചു. ബാക്കി വരുന്ന ഇറച്ചി, മീൻ മുതലായ ഭക്ഷ്യ വസ്തുക്കൾ നശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം കഴിക്കാന്‍ എത്തിയവർക്ക് നൽകിയ ചിക്കന്‍ കറിയിലാണ് പുഴുവിനെ കണ്ടത്. പരാതിയെ തുടർന്ന് രാജപുരം പൊലീസ് സ്ഥലത്തെത്തി തുടർ പരിശോധനയ്ക്കായി രാത്രി തന്നെ റസ്റ്ററന്റ് അടച്ച് പൂട്ടുകയുമായിരുന്നു
തുടർന്ന് ഇന്നലെ രാവിലെ ഫുഡ് സേഫ്റ്റി ഓഫിസർമാരായ ബിനു ഗോപാൽ, അനൂപ് ജോസ്, പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പക്ടർ ബി.സി.നിഷോ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പക്ടർമാരായ കെ.വിമല, ജോബി ജോസഫ്, സി.മനോജ് കുമാർ,സി.പി.അജിത്ത്, സുരജിത് എസ്. രഘു, രാജപുരം എസ്ഐ മുരളീധരൻ, എഎസ്ഐ ചന്ദ്രൻ, കള്ളാർ ഗ്രാമ പഞ്ചായത്ത് ക്ലാർക്ക് അബ്ദുല്ല എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു. പരിശോധന ഫലം വന്നതിന് ശേഷം മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്ററന്റ് തുറന്നാൽ മതിയെന്ന് കടയുടമയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്

