ബെംഗളൂരു ഇരട്ടക്കൊലപാതകം; ആസൂത്രകനായ കമ്പനി മേധാവി അറസ്റ്റില്, കൊലയ്ക്കു കാരണം ബിസിനസിലെ പക

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനത്തിന്റെ എം.ഡി.യെയും മലയാളിയായ സി.ഇ.ഒ.യെയും വെട്ടിക്കൊന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കൊലപാതകം ആസൂത്രണംചെയ്ത ബെംഗളൂരുവിലെ ജീനെറ്റ് ബ്രോഡ്ബാൻഡ് കമ്പനി ഉടമ അരുൺകുമാർ ആസാദിനെയാണ് വ്യാഴാഴ്ച അമൃതഹള്ളി പോലീസ് അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഏറോനിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി. ബെംഗളൂരു സ്വദേശി ഫണീന്ദ്ര സുബ്രഹ്മണ്യം (35), സി.ഇ.ഒ. കോട്ടയം പനച്ചിക്കാട് രുക്മിണിവിലാസത്തിൽ വിനുകുമാർ (47) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ആദ്യം ജോലിചെയ്ത സ്ഥാപനമാണ് അരുൺകുമാർ ആസാദിന്റെ ഉടമസ്ഥതയിലുള്ള ജീനെറ്റ് ബ്രോഡ്ബാൻഡ്. ഇവിടെനിന്ന് കഴിഞ്ഞ നവംബറിൽ രാജിവെച്ചാണ് ഫണീന്ദ്രയും വിനുകുമാറും ഏറോനിക്സ് മീഡിയ തുടങ്ങിയത്. ജീനെറ്റിൽനിന്ന് പത്തു ജീവനക്കാരെയും അടർത്തിയെടുത്തിരുന്നു.
മാസങ്ങൾക്കുള്ളിൽ ഏറോനിക്സ് മീഡിയ വലിയ ലാഭത്തിലേക്കെത്തി. എന്നാൽ, ജീനെറ്റിന് വലിയ പുരോഗതിയുണ്ടായതുമില്ല. ഇതിന്റെ വൈരാഗ്യത്തിൽ ഫണീന്ദ്രയെയും വിനുകുമാറിനെയും കൊലപ്പെടുത്തുന്നതിനുള്ള പദ്ധതി അരുൺകുമാർ ആസാദ് ആസൂത്രണം ചെയ്തു. കൃത്യം നിർവഹിക്കാൻ തന്റെ വിശ്വസ്തനായ ശബരീഷ് എന്ന ജോക്കർ ഫെലിക്സിനെ ചുമതലപ്പെടുത്തി. അരുൺ കുമാറിന്റെ കമ്പനിയിലെ മുൻജീവനക്കാരനാണ് ബന്നാർഘട്ട റോഡ് ദേവരചിക്കനഹള്ളി സ്വദേശി ശബരീഷ്. ഇയാൾ തന്റെ കൂട്ടാളികളായ വിനയ് റെഡ്ഡിയും സന്തോഷുമായി ചേർന്ന് കൊല നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ചൊവ്വാഴ്ച വൈകീട്ട് നാലിന് അമൃതഹള്ളി പമ്പ എക്സ്റ്റൻഷനിലെ ഏറോനിക്സ് മീഡിയയുടെ ഓഫീസിലെത്തിയാണ് കൊല നടത്തിയത്. ശബരീഷിനെയും വിനയ് റെഡ്ഡിയെയും സന്തോഷിനെയും മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തുനിന്നാണ് അരുൺകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബിസിനസ് എതിരാളികളെ തകർക്കുന്നത് പതിവാക്കിയയാളാണ് അരുൺകുമാർ ആസാദെന്ന് പോലീസ് പറഞ്ഞു. ചില രാഷ്ട്രീയനേതാക്കളുമായി ഇയാൾക്ക് ബന്ധമുണ്ട്. പേരെടുക്കാനായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നെന്നും പറയുന്നു.
കോടതിയിൽ ഹാജരാക്കിയ ശബരീഷിനെയും (27) വിനയ് റെഡ്ഡിയെയും (23) സന്തോഷിനെയും(26) കൂടുതൽ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിൽ

