പാർട്ടിപരിപാടി എല്ലാവർക്കും ബാധകം, ഇ.പിയെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല- അതൃപ്തി സൂചിപ്പിച്ച് ഗോവിന്ദൻ

തിരുവനന്തപുരം: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കാത്തതിലുള്ള അതൃപ്തി വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണെന്നും എല്‍ഡിഎഫ് കണ്‍വീനറെ ക്ഷണിച്ച് കൊണ്ടുവരേണ്ടതില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ‘കണ്‍വീനറായ ആളെ ക്ഷണിക്കേണ്ട കാര്യമില്ല. നമ്മളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഇങ്ങോട്ടേക്ക് വരുന്നത്. ക്ഷിണിക്കാത്തത് കൊണ്ടാണോ വരാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടി വരും. പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണ്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ബാധകമല്ലാതിരിക്കുന്നില്ല’, ഗോവിന്ദന്‍ പറഞ്ഞു. സിപിഎം നടത്തുന്ന സെമിനാറില്‍ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനറായ ഇ.പി.ജയരാജന്‍ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎം നേതൃയോഗങ്ങളില്‍ വിട്ടുനില്‍ക്കല്‍ പതിവാക്കിയിരിക്കുകയാണ് ഇ.പി.ജയരാജന്‍. ഇതിനിടെയാണ് സെമിനാറിലും അദ്ദേഹത്തിന്റെ വിട്ടുനില്‍ക്കല്‍. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ സെമിനാര്‍ പോസ്റ്ററില്‍ ഇ.പി.യുടെ പേരില്ലായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ വിട്ടുനില്‍ക്കലിന് പിന്നിലെന്നാണ് സൂചന

