പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങും;മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ചയാകും

ന്യൂഡല്‍ഹി: ഇന്ത്യ, എന്‍.ഡി.എ. സഖ്യങ്ങളുടെ യോഗങ്ങള്‍ക്ക് തൊട്ടുപിന്നാലെ വ്യാഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് വർഷകാല സമ്മേളനം ഇരുമുന്നണികള്‍ക്കും ആദ്യ ബലപരീക്ഷണ വേദിയാകും. മണിപ്പുര്‍ വിഷയം ഉയര്‍ത്തി ഇരുപക്ഷവും ഏറ്റുമുട്ടും. സമ്മേളനത്തിനുമുന്നോടിയായി ബുധനാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ ഉടനീളം പ്രതിപക്ഷം മണിപ്പുര്‍ കലാപവിഷയമാണ് ഉന്നയിച്ചത്. പ്രശ്നത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും ചര്‍ച്ച വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലും വൈകീട്ടുചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലും സര്‍ക്കാര്‍ വ്യക്തമാക്കി. മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം സമ്മേളനത്തിന്റെ ആദ്യദിനംതന്നെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. നിലപാട് തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചേരും. സര്‍ക്കാര്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന 31 ബില്ലുകളില്‍ എത്രയെണ്ണം സഭയിലെ ബഹളത്തിനിടയില്‍ വെളിച്ചം കാണുമെന്നുറപ്പില്ല. മണിപ്പുര്‍, ഡല്‍ഹി ഓര്‍ഡിനന്‍സ്, ഏക സിവില്‍ കോഡ്, ബാലസോര്‍ തീവണ്ടിദുരന്തം, പണപ്പെരുപ്പം, അദാനിയുടെ ഇടപാടുകള്‍, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷനിരയുടെ ആയുധങ്ങള്‍. സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച രണ്ട് യോഗങ്ങളാണ് പാര്‍ലമെന്റില്‍ നടന്നത്. രാവിലെ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍, പ്രതിപക്ഷത്തെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സഭയിൽ പ്രതിപക്ഷത്തിന് ഇടം നല്‍കണമെന്ന് കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. മണിപ്പുര്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി മറുപടി നല്‍കി. വൈകീട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മണിപ്പുര്‍ വിഷയം വീണ്ടും പ്രതിപക്ഷം ഉന്നയിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും മൗനം പാലിക്കുകയാണന്ന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും അധീര്‍ രഞ്ജനും കുറ്റപ്പെടുത്തി. മണിപ്പുര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എളമരം കരീം, പി. സന്തോഷ് കുമാര്‍, പി.വി. അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കി. കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മേഘ്‌വാള്‍, വി. മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു.

