KSDLIVENEWS

Real news for everyone

സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം; പ്രധാന പ്രതി അറസ്റ്റില്‍

SHARE THIS ON

ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ടുസ്ത്രീകളെ ഇതര സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വീഡിയോ വ്യാപകമായി പ്രചരിക്കാനിടയായതില്‍ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ രാജ്യവ്യാപകമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റിലായതായും പോലീസ് അറിയിച്ചു. രണ്ടര മാസം മുമ്പ് നടന്ന മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതികളിലൊരാളെ പോലീസ് പിടികൂടിയത്. ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നിരുന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എല്‍.എഫ്. കുറ്റപ്പെടുത്തി. ആക്രമിച്ചത് മെയ്ത്തികളാണെന്നും കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ തട്ടിക്കൊണ്ട് പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!