അപകടസ്ഥലത്തെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ഒന്‍പത് മരണം, 10 പേര്‍ക്ക് പരിക്ക്

ഗാന്ധിനഗര്‍: ഗുജറാത്തിലെ അഹമ്മദാബാദില്‍ അമിതവേഗത്തിലെത്തിയ കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ സാര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയിലെ ഇസ്‌കോണ്‍ പാലത്തിലാണ് സംഭവം. മറ്റൊരു വാഹന അപകടത്തെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ടത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ഥാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് പ്രദേശത്ത് ആള്‍ക്കൂട്ടം രൂപപ്പെട്ടത്. ഈ ആള്‍ക്കൂട്ടത്തിലേക്കാണ് അമിതവേഗത്തിലെത്തിയ ജാഗ്വാര്‍ പാഞ്ഞുകയറിയത്. അഞ്ചുപേര്‍ തല്‍ക്ഷണവും നാലുപേര്‍ ചികിത്സയിലിരിക്കവേയുമാണ് മരിച്ചത്. പരിക്കേറ്റ പത്തു പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജാഗ്വാര്‍ ഓടിച്ചിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ മര്‍ദിച്ചതായും സൂചനയുണ്ട്. കാര്‍ അമിതവേഗത്തില്‍ ആയിരുന്നെന്നും എന്നാല്‍ മദ്യപിച്ച് വാഹനം ഓടിച്ചതായി സൂചനയില്ലെന്നും പോലീസ് അറിയിച്ചു. മരിച്ചവരില്‍ കൂടുതലും മറ്റ് നഗരങ്ങളില്‍നിന്നുള്ള യുവാക്കളാണെന്നാണ് വിവരം. ഥാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടവിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നത്. നിമിഷങ്ങള്‍ക്കകമാണ് അമിതവേഗത്തിലെത്തിയ ജാഗ്വാര്‍ ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്
#WATCH | Ahmedabad, Gujarat | An accident took place at the ISKCON flyover on Sarkhej-Gandhinagar (SG) highway. pic.twitter.com/r4r9ghl3VF
— ANI (@ANI) July 20, 2023

