കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവെക്കൂ- മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്

ന്യൂഡല്‍ഹി: കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാലല്ലാതെ സ്ഥാനം രാജിവയ്ക്കില്ലെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. മണിപ്പുരിലെ ജനങ്ങളാണ് തന്നെ തിരഞ്ഞെടുത്തത്. പാര്‍ട്ടി തന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് രാജി സംബന്ധിച്ച ചോദ്യങ്ങള്‍ വേണ്ട. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവയ്ക്കൂ – ബിരേന്‍ സിങ് പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നിലപാടറിയിച്ചത്. മണിപ്പുരില്‍ മൂന്നു മാസമായി തുടരുന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരമായി ആവശ്യമുയര്‍ത്തുന്നുണ്ട്. മേയില്‍ തുടങ്ങിയ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മണിപ്പുരിനെയാകെ ഉലച്ചു. വലിയ രീതിയിലുള്ള കലാപങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും അത് വഴിവെച്ചു. ഇതിനിടെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കുക്കി വിഭാഗത്തിലെ സ്ത്രീകളെ പൂര്‍ണ നഗ്നരാക്കി പൊതുമധ്യത്തിലൂടെ വഴി നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത ദൃശ്യം പുറത്തുവന്നത് ലോകവ്യാപകമായി വിമര്‍ശനങ്ങള്‍ക്കിടയാക്കി. മേയ് നാലിന് നടന്ന സംഭവത്തില്‍ 78 ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി തുടങ്ങിയത്. നിലവില്‍ ഏഴുപേരെ പിടികൂടിയെങ്കിലും സംഭവത്തില്‍ സര്‍ക്കാര്‍ വലിയ തോതില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിനിടെയാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെടാതെ രാജിയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

