KSDLIVENEWS

Real news for everyone

വെസ്റ്റിൻഡീസിന് എതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 200 റൺസ് ജയം; പരമ്പര (2-1)

SHARE THIS ON

ട്രിനിഡാഡ് ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 200 റൺസ് ജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 50 ഓവറിൽ 5ന് 351. വെസ്റ്റിൻഡീസ് 35.3 ഓവറിൽ 151. പുരാൻ ടോസ് നേടിയ വി‍ൻഡീസ് ബാറ്റിങ്ങിന് അയച്ച ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് ഓപ്പണർമാരായ ഇഷൻ കിഷനും (77) ശുഭ്മൻ ഗില്ലും (85) ചേർന്നു നൽകിയത്. ഒന്നാം വിക്കറ്റിൽ 19.4 ഓവറിൽ 143 റൺസ് ഇരുവരും ചേർന്നു നേടി. പരമ്പരയിൽ ഇഷന്റെ മൂന്നാം അർധ സെ‍ഞ്ചറിയാണിത്. ഇഷൻ പുറത്തായതിനു പിന്നാലെ മൂന്നാം നമ്പറിൽ എത്തിയ ഋതുരാജ് ഗെയ്‌ക്‌വാദ് (8) നിരാശപ്പെടുത്തിയെങ്കിലും നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ (51) കൂറ്റൻ അടികളിലൂടെ ഇന്നിങ്സിന് വേഗം കൂട്ടി. ബ്രയാൻ ലാറ സ്റ്റേഡിയത്തിലെ സ്ലോ പിച്ചിൽ, 41 പന്തിൽ 4 സിക്സും 2 ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. 52 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സാണ് സ്കോർ 350 കടക്കാൻ സഹായിച്ചത്. വെസ്റ്റിൻഡീസിനെതിരായ 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. തകർത്തടിച്ച് സഞ്ജു കഴിഞ്ഞ മത്സരത്തിൽ തന്നെ പുറത്താക്കിയ വിൻഡീസ് ലെഗ് സ്പിന്നർ യാനിക് കാരിയയെ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് സഞ്ജു ഇന്നിങ്സ് ആരംഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ കാരിയയെ സിക്സറിനു പറത്തിയ സഞ്ജു, ഓവറിലെ അവസാന പന്തിൽ വീണ്ടും ബോൾ ഗാലറിയിൽ എത്തിച്ചു. 3 സിക്സും ഒരു ഫോറുമടക്കം കാരിയയ്ക്കെതിരെ 10 പന്തിൽ 28 റൺസാണ് സഞ്ജു നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!