KSDLIVENEWS

Real news for everyone

നൂഹില്‍ ഇടിച്ചുനിരത്തല്‍ തുടരുന്നു; പൊളിച്ചുമാറ്റിയവയില്‍ 24 മെഡിക്കല്‍ സ്റ്റോറുകളും, കര്‍ഫ്യുവില്‍ ഇളവ്

SHARE THIS ON

നൂഹ്: ഹരിയാനയില്‍ സംഘര്‍ഷമുണ്ടായ നൂഹ് ജില്ലയില്‍ ഇടിച്ചുനിരത്തല്‍ നടപടി തുടര്‍ന്ന് ഭരണകൂടം. നല്‍ഹാര്‍ മെഡിക്കല്‍ കോളജിന്റെ 2.6 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി.

ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന 24 മെഡിക്കല്‍ സ്റ്റോറുകളും ഇതില്‍ ഉള്‍പ്പെടും.

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സബ് കലക്ടര്‍ അശ്വനി കുമാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഈ കടയുടമകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ, നൂഹ് ജില്ലയിലും പരിസര പ്രദേശത്തുമായി 250 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിരുന്നു. അദ്ബാര്‍ ചൗക്കില്‍ നിന്ന് ആരംഭിച്ച ഇടിച്ചുനിരത്തല്‍ തിരാംഗ ചൗക് വരെ നീളുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രദേശത്ത് തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത് നതട്ടിയ റാലിക്കിടെ നടന്ന അക്രമ സംഭവങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ജില്ലയില്‍ കര്‍ഫ്യുവില്‍ ഇളവ് അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു. അവശ്യ സാധനങ്ങള്‍ വാങ്ങാനായി ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം മൂന്നു മണിവരെ സമയം അനുവദിച്ചതായും കലക്ടര്‍ വ്യക്തമാക്കി.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 56 എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 145പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് പത്തുപേര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!