KSDLIVENEWS

Real news for everyone

അധ്യാപികയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസ്: മൂന്നംഗ സംഘം അറസ്റ്റിൽ

SHARE THIS ON

കാഞ്ഞങ്ങാട്: അധ്യാപികയുടെ മൊബൈൽ ഫോൺ പട്ടാപ്പകൽ പിടിച്ചുപറിക്കുകയും രണ്ട് ഇരുചക്രവാഹനങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ ഉൾപ്പെട്ട മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളും ഡൽഹിയിൽ താമസക്കാരുമായ കവർച്ച സംഘമാണ് ബേക്കലിൽ പിടിയിലായത് . അലാവുദ്ദീൻ (32), അസ്‌ലം (32), ഫുർഖാൻ (19) എന്നിവരാണ് പിടിയിലായത്. കോട്ടിക്കുളം ഗവ.യു.പി സ്കൂളിലെ അധ്യാപിക ഷൈമയുടെ മൊബൈൽ ഫോൺ കോട്ടിക്കുളം ബസ് വെയിറ്റിങ് ഷെഡ്ഡിൽ വെച്ച് തട്ടിപ്പറിച്ച് ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട കേസിലാണ് അലാവുദ്ദീൻ അറസ്റ്റിലായത്. നാലുദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. സി.സി.ടി.വി കാമറ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി രക്ഷപ്പെട്ട മോട്ടോർ ബൈക്ക് ഉപേക്ഷിച്ച നിലയിൽ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഉൾപ്പെടെ രണ്ട് സ്കൂട്ടറുകൾ മോഷ്ടിച്ച കേസിലാണ് മറ്റ് രണ്ടുപേർ പിടിയിലായത്. ഇതിൽ അസ്‍ലം ഡൽഹിയിൽ വാഹന കവർച്ച കേസിൽ ഉൾപ്പെട്ട പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽ നിന്നും ബേക്കലിലെത്തി ഇവിടെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ച് വരുകയായിരുന്നു പ്രതികൾ. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അധ്യാപികയുടെ കവർച്ച ചെയ്ത മൊബൈൽ ഫോൺ കാസർകോട്ട് ഒരു കടയിൽ വിൽപന നടത്തിയതായി കണ്ടെത്തി. ഈ ഫോൺ കടയിൽനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു . അലാവുദ്ദീനെ വെള്ളിയാഴ്ച ഹോസ് ദുർഗ് കോടതിയിൽ ഹാജരാക്കും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!