ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ; ഹിമാചലില്‍ 66 മരണം, വൈദ്യുതി ബന്ധം തടസപ്പെട്ടു

ഷിംല: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ തുടരുന്നു. ഹിമാചല്‍ പ്രദേശിലെ അതിതീവ്രമഴയിലും മണ്ണിടിച്ചിലിലുമായി 66 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ വീട് ഇടിഞ്ഞുവീണ് മരിച്ചവരേയും പരുക്കേറ്റവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഹിമാചല്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ട 57 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തു. ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപകനാശനഷ്ടം ഉണ്ടായി. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയദുരന്തനിവാരണ സേനയോടൊപ്പം സൈന്യവും സംസ്ഥാന ദുരന്തനിവാരണസേനയുംരംഗത്തുണ്ട്.പല സ്ഥലത്തും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. വൈദ്യുതി, റെയില്‍വേ ബന്ധങ്ങളും തടസപ്പെട്ടു. ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു പറഞ്ഞു.ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അടുത്ത 2 ദിവസവും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വീണ്ടും യമുനാ നദി കരകവിഞ്ഞു. യമുന അപായനിലയായ 204 മീറ്റര്‍ പിന്നിട്ടു.ഹിമാചലില്‍ 45 ശതമാനവും ഉത്തരാഖണ്ഡില്‍ 18 ശതമാനവും അധികം മഴ പെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ഹരിദ്വാര്‍, ഋഷികേശ് മേഖലയില്‍ ഗംഗ കരകവിഞ്ഞു.

