KSDLIVENEWS

Real news for everyone

സഖ്യമില്ല, ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്; ഇന്ത്യ സമയംപാഴാക്കലെന്ന് AAP

SHARE THIS ON

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന നേതൃത്വവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയതിന് പിന്നാലെ ഡല്‍ഹിയില്‍നിന്ന് വരുന്നത് ‘ഇന്ത്യ’ സഖ്യത്തിലെ ഭിന്നതയുടെ സൂചനകള്‍. നാലുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രാഹുല്‍ഗാന്ധി എന്നിവര്‍ ഡല്‍ഹിയില്‍നിന്നുള്ള നേതാക്കളുമായി ആശയവിനിയമം നടത്തി. പി.സി.സി. പ്രസിഡന്റ് അനില്‍ ചൗധരി, മുന്‍ കേന്ദ്രമന്ത്രി അജയ്മാക്കന്‍, മുതിര്‍ന്ന നേതാക്കളായ ഹാരൂണ്‍ യൂസഫ്, കൃഷ്ണ തീരഥ്, സന്ദീപ് ദീക്ഷിത് എന്നിവരടക്കമുള്ള 40ഓളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. വളരെ കാലമായി പരിഗണനയിലുള്ള പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഡല്‍ഹിയില്‍ പാര്‍ട്ടിയെ നവീകരിക്കലാണ് പ്രധാന ലക്ഷ്യമെന്നും അതില്‍ എല്ലാ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പങ്കാളിത്തം ആവശ്യമാണെന്നും യോഗത്തിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സി(ട്വിറ്റര്‍)ല്‍ കുറിച്ചിരുന്നു. അതേസമയം, യോഗത്തിനുശേഷം കോണ്‍ഗ്രസ് നേതാവ് അല്‍ക ലാംബ നടത്തിയ പ്രതികരണമാണ് ഇന്ത്യ സഖ്യത്തിലെ ഭിന്നതയുടെ സൂചനകള്‍ നല്‍കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴുസീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചുവെന്ന്‌ യോഗത്തില്‍ പങ്കെടുത്ത അല്‍ക ലാംബ പ്രതികരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറാവാനും തിരഞ്ഞെടുപ്പിന് ബാക്കിയുള്ള ഏഴുമാസം, ഏഴുസീറ്റുകളിലും ഒരുക്കങ്ങള്‍ നടത്താനും നിര്‍ദേശിച്ചുവെന്നും അവര്‍ പ്രതികരിച്ചിരുന്നു. ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെങ്കില്‍ ‘ഇന്ത്യ’ സംഖ്യം കൊണ്ട് യാതൊരു അര്‍ഥവുമില്ലെന്ന് ഇതിനോട് പ്രതികരിക്കവെ ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു. അത് സമയം വെറുതേ കളയലാണ്. പ്രതിപക്ഷകക്ഷികളുടെ വരാനിരിക്കുന്ന വിശാലയോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് കേന്ദ്രനേതൃത്വം പ്രതികരിക്കുമെന്നായിരുന്നു ഡല്‍ഹി മന്ത്രിയും എ.എ.പി. നേതാവുമായ സൗരഭ് ഭരദ്വാജിന്റെ പ്രതികരണം. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയും ഇന്ത്യയിലെ കക്ഷികള്‍ ഒരുമിച്ചിരുന്നും സഖ്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് ലോക്‌സഭാ സീറ്റുകളാണ് ഡല്‍ഹിയിലുള്ളത്. നിലവില്‍ ഏഴിലും ബി.ജെ.പി. എം.പിമാരാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!